ഒമിക്രോണ്‍: സംസ്ഥാന കൊവിഡ് വിദഗ്ധ സമതി ഇന്ന് ജനിതക ശാസ്ത്ര വിദഗ്ധരുമായി ചര്‍ച്ച നടത്തും
തിരുവനന്തപുരം: കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം ഉയര്‍ത്തുന്ന ആശങ്കകള്‍ ശക്തമായതോടെ കൂടുതല്‍ കേരളം ജാഗ്രതാ നടപടികളുമായു മുന്നോട്ട്. ഒമിക്രോണ്‍ വകഭേദവുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ സംസ്ഥാന ആരോഗ്യവകുപ്പും വിദഗ്ദ സമിതിയും തീരുമാനിച്ചിട്ടുണ്ട്. ജനിതക ശാസ്ത്ര വിദഗ്ദരുമായി ഇന്ന് സംസ്ഥാന കൊവിഡ് വിദഗ്ദ സമിതി ചര്‍ച്ച നടത്തും. പുതിയ വകഭേദത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ വരുന്നത് വരെ കര്‍ശന കൊവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കാനാണ് കേരളത്തിന്റെ തീരുമാനം.
ഒമിക്രോണ്‍ സ്ഥീരികരിച്ച രാജ്യങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകുന്നതാണ് ഏറെ ആശങ്കയാകുന്നത്. .കേരളത്തില്‍ നിലവില്‍ കൊവിഡ് കേസുകള്‍ മുന്‍ ആഴ്ചകളെ അപേക്ഷിച്ച് കുറഞ്ഞുവരുന്നതിനിടെയാണ് പുതിയ ഭീഷണി. വ്യാപനശേഷി കൂടിയ ഒമൈക്രോണ്‍ വകഭേദം എത്താനിടയായാല്‍ കേസുകള്‍ പെട്ടെന്ന് കൂടി സ്ഥിതി മാറുമെന്നതാണ് പ്രധാന ആശങ്ക. പുതിയ വകഭേദം വാക്‌സിനേഷനെ മറികടക്കുമോ എന്നതും വലിയ ഭീതി സൃഷ്ടിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് വിദഗ്ദ സമിതി ജിനോമിക് വിദഗ്ദരുമായി ചര്‍ച്ച നടത്തുന്നത്.
ഈ സാഹചര്യത്തില്‍ മാസക് അടക്കം കര്‍ശന കൊവിഡ് പ്രോട്ടോക്കോള്‍ തുടരാനും, ഊര്‍ജിത വാക്‌സിനേഷന്‍, എയര്‍പോര്‍ട്ടുകളിലെ കര്‍ശന നിരീക്ഷണം, ക്വാറന്റീന്‍ എന്നിവക്ക് ഊന്നല്‍ നല്‍കാനുമാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.സംസ്ഥാനത്തെ വൈറസിന്റെ ജനിതക ശ്രേണീകരണവും ശക്തമാക്കും. ഒമൈക്രോണ്‍ സൃഷ്ടിക്കാവുന്ന വെല്ലുവിളികള്‍ കാത്തിരുന്ന ശേഷം മാത്രമേ വിലയിരുത്താനാവൂ എന്ന നിലപാടിലാണ് വിദഗ്ദരെല്ലാം.അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളുടെ കാര്യത്തില്‍ കേന്ദ്രം സ്വീകരിക്കാന്‍ പോകുന്ന നിലപാടും കേരളത്തെ സംബന്ധിച്ച് പ്രധാനമാണ്. നിലവില്‍ മുന്‍കരുതലെന്ന നിലയില്‍ കേന്ദ്ര പ്രോട്ടോക്കോള്‍ പിന്തുടരുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. അതേ സമയം ഒമിക്രോണ്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ദക്ഷിണാഫ്രിക്കയില്‍ നിന്നും എത്തിയ മുംബൈ സ്വദേശിക്ക് കൊവിഡ് സ്്ഥിരീകരിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ സ്രവ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. കൊവിഡിന് കാരണം ഒമിക്രോണ്‍ വകഭേദമാണോ എന്നറിയുന്നതിനായി സ്രവം പൂനെ വൈറോളി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.