Tuesday, April 15, 2025
Kerala

ശ്രവണ സഹായി നഷ്ടപ്പെട്ട റോഷന് സഹായവുമായി തിരുവനന്തപുരം നഗരസഭ’; കിട്ടിയില്ലെങ്കിൽ പുതിയത് വാങ്ങി നൽകും

സ്‌കൂള്‍ ബാഗിനൊപ്പം വിലപ്പിടിപ്പുള്ള ശ്രവണ സഹായി നഷ്ടമായ ബധിര വിദ്യാര്‍ഥി റോഷന് സഹായം പ്രഖ്യാപിച്ച് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. റോഷന്റെ ശ്രവണ സഹായി തിരികെ ലഭ്യമായില്ലെങ്കില്‍ പുതിയൊരെണ്ണം വാങ്ങുന്നതിനു നഗരസഭ നടപടി സ്വീകരിക്കുമെന്ന് മേയര്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

മകന്റെ ഒന്നര ലക്ഷം രൂപ വരുന്ന ശ്രവണ സഹായി സ്‌കൂള്‍ ബാഗിനൊപ്പം നഷ്ടമായതായി റോഷന്റെ അമ്മ കഴിഞ്ഞ ദിവസം കുറിപ്പിട്ടിരുന്നു. ഇതു വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. ഒപ്പം മാധ്യമങ്ങളിലും വാര്‍ത്ത വന്നു. ഇതിനു പിന്നാലെയാണ് മേയറുടെ അറിയിപ്പ്. കണ്ടുകിട്ടുന്നവര്‍ കോര്‍പ്പറേഷനേയോ 9895444067 എന്ന നമ്പറിലോ അറിയിക്കണമെന്നാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍റെ അഭ്യര്‍ത്ഥന.

സ്പോൺസര്‍ഷിപ്പിലൂടെ പണം കണ്ടെത്തി പുതിയ ശ്രവണ സഹായി വാങ്ങാനാണ് തീരുമാനം. നാലുമാസം മുമ്പ് പുനര്‍ജ്ജനി പദ്ധതി പ്രകാരം റോഷന് ലഭിച്ചതാണ് ഒന്നരലക്ഷം രൂപ വില വരുന്ന ശ്രവണ സഹായി. കഴിഞ്ഞ ദിവസം അച്ഛനൊപ്പം ബൈക്കിൽ സഞ്ചരിക്കവേയാണ് ശ്രവണ സഹായി സൂക്ഷിച്ച ബാഗ് നഷ്ടമായത്.

Leave a Reply

Your email address will not be published. Required fields are marked *