കഷായം കഴിച്ചത് ഷാരോൺ ഡോക്ടറോട് പറഞ്ഞില്ല; സംശയിക്കപ്പെടുന്ന ബോട്ടിൽ പിടിച്ചെടുത്തെന്ന് എസ്പി
പാറശാലയിൽ ഷാരോൺ മരണപ്പെട്ട സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. മരണപ്പെട്ട ഷാരോൺ കഷായം കഴിച്ചത് ഡോക്ടറോട് പറഞ്ഞില്ലെന്ന് തിരുവനന്തപുരം റൂറൽ എസ്പി ഡി.ശിൽപ. ഷാരോൺ പൊലീസിനോട് സംശയങ്ങളില്ലെന്ന് പറഞ്ഞു. അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. അന്വേഷണത്തിന് സ്പെഷ്യൽ ടീം രൂപീകരിച്ചതായും മെഡിക്കൽ ടീം രൂപീകരിച്ചതായും പറഞ്ഞു. ആവശ്യമെങ്കിൽ തമിഴ്നാട് പൊലീസിന്‍റെ സഹായം തേടുമെന്നും റൂറൽ എസ്പി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംശയിക്കപ്പെടുന്ന ബോട്ടിൽ പിടിച്ചെടുത്തുതായി ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎഫ്പി ജോൺസൺ പറഞ്ഞു. എഫ്എസ്എൽ റിപ്പോർട്ട് വേഗത്തിൽ നൽകാൻ റിക്വസ്റ്റ് നൽകി. ബന്ധുക്കളുടെ എല്ലാ സംശയങ്ങൾ ദുരീകരിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.
അതേസമയം, പാറശ്ശാല ഷാരോണിന്റെ മരണത്തിൽ കൂടുതൽ വാട്‌സാപ്പ് സന്ദേശങ്ങൾ പുറത്തുവിട്ട് കുടുംബവും രംഗത്തെത്തി. പെൺസുഹൃത്തും ഷാരോണും തമ്മിൽ അവസാനദിവസങ്ങളിൽ നടത്തിയ വാട്‌സാപ്പ് ഓഡിയോ ചാറ്റുകളാണ് കുടുംബം പുറത്തുവിട്ടിരിക്കുന്നത്. കഷായം കുടിച്ച കാര്യം താൻ വീട്ടിൽ പറഞ്ഞിട്ടില്ലെന്നും ജ്യൂസ് കുടിച്ചതാണ് ഛർദിലിന് കാരണമെന്നാണ് വീട്ടുകാരെ അറിയിച്ചതെന്നും ഷാരോൺ പെൺകുട്ടിയോട് വാട്‌സാപ്പിൽ പറയുന്നുണ്ട്.
ഇതിന് യുവതി മറുപടി നൽകുന്നതിന്റെ സന്ദേശവും പുറത്തു വന്നിട്ടുണ്ട്. തനിക്കും ജ്യൂസിൽ രുചി വ്യത്യാസം തോന്നി. അതാകാം ഛർദ്ദിക്കുന്നതിന് കാരണമെന്ന് യുവതിയും പറയുന്നുണ്ട്.