Saturday, January 4, 2025
Kerala

പി.എഫ്.ഐയുടെ 17 ഓഫിസുകൾ ആദ്യം പൂട്ടും; നേതാക്കളെ നിരീക്ഷിക്കും; ആവശ്യമെങ്കില്‍ അറസ്റ്റ്

പോപുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട തുടർ നടപടികളുമായി സംസ്ഥാന സർക്കാർ. പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ സീൽ ചെയ്യാൻ നടപടികൾ തുടങ്ങി. പി.എഫ്.ഐയുടെ 17 ഓഫിസുകൾ ആദ്യം പൂട്ടും. നിരീക്ഷിക്കാനുള്ള നേതാക്കളുടെ പട്ടിക എൻ.ഐ.എ കൈമാറി. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലും അറസ്റ്റുമാവാം.

കോഴിക്കോട് സംസ്ഥാന സമിതി ഓഫിസിനെ കൂടാതെ ആലപ്പുഴ മണ്ണഞ്ചേരി, തിരുവനന്തപുരം മണക്കാട്, പട്ടാമ്പി, പന്തളം, ആലുവ, അടൂര്‍, കണ്ണൂര്‍, തൊടുപുഴ, തൃശൂര്‍, കാസര്‍കോട്, കരുനാഗപ്പള്ളി, മലപ്പുറം, മാനന്തവാടി ഓഫീസുകളാണ് ആദ്യം പൂട്ടുന്നത്. നിരോധനവുമായി ബന്ധപ്പെട്ട തുടർനടപടികൾക്കുള്ള അധികാരം കളക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും നൽകിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറങ്ങിയിരുന്നു. നടപടികള്‍ ക്രമീകരിക്കാന്‍ ഡിജിപി സർക്കുലർ ഇറക്കും.

അതേസമയം പൊലീസ് മേധാവിമാരുടെ യോഗം ഡി.ജി.പി അനിൽകാന്ത് വിളിച്ചു. ഓൺലൈനായാണ് യോഗം. നിരോധനം സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങിയതിനു പിന്നാലെ ഇനിയുള്ള നടപടികൾ വിശദീകരിക്കാനാണ് യോ​ഗം.

അതേസമയം, പി.എഫ്.ഐ ഓഫീസുകള്‍ പലതും അവരുടെ പേരിലല്ല പ്രവര്‍ത്തിക്കുന്നതും മറ്റു പല പേരിലുമാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഓഫീസുകള്‍ അടയ്ക്കുമ്പോള്‍ പ്രതിഷേധം ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം. ഇതിനിടെ പോപുലർ ഫ്രണ്ടിന്റെ ഓഫിസുകൾ പൂട്ടാനുള്ള നിര്‍ദേശവും സർക്കാർ നല്‍കിയിട്ടുണ്ട്. അതിനുള്ള നടപടികള്‍ പൊലീസ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *