ഓട്ടോ ഡ്രൈവര്‍ക്ക് സൗജന്യ ഹൃദയശസ്ത്രക്രിയയ്ക്ക് സൗകര്യമൊരുക്കി മമ്മൂട്ടി
കോവിഡ് മഹാമാരിക്കിടയിലും കാരുണ്യത്തിന്റെ കൈത്താങ്ങുമായി മമ്മൂട്ടി. മെഗാസ്റ്റാറിന്റെ കാരുണ്യത്തിന് നന്ദി പറഞ്ഞു കൊണ്ടുള്ള ഓട്ടോ ഡ്രൈവര്‍ പ്രസാദിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തൃശൂര്‍ സ്വദേശിയായ പ്രസാദിന് ഹൃദയശസ്ത്രക്രിയക്ക് ആവശ്യമായ സൗകര്യങ്ങളാണ് മമ്മൂട്ടി ഒരുക്കി കൊടുത്തിരിക്കുന്നത്.
തൃശൂര്‍ നഗരത്തിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഹൃദയ ശസ്ത്രക്രിയക്കായി പ്രസാദ് സമീപിച്ചെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ ഹൃദയ ശസ്ത്രക്രിയകള്‍ പൂര്‍ണമായും നിര്‍ത്തിവെച്ച സാഹചര്യത്തില്‍ ചികിത്സയില്‍ കാലതാമസം നേരിടുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം പുട്ടപര്‍ത്തിയിലെ സായിബാബ ആശുപത്രിയില്‍ സൗജന്യ ശസ്ത്രക്രിയക്കായി സമീപിച്ചുവെങ്കിലും കൊവിഡിനെ തുടര്‍ന്ന് സാധിച്ചില്ല.
പിന്നീട് തൃശൂരിലെ ഫാന്‍സ് പ്രവര്‍ത്തകര്‍ വഴിയാണ് പ്രസാദ് മമ്മൂട്ടിയുടെ ഓഫീസുമായി ബന്ധപ്പെട്ടത്. മമ്മൂട്ടിയും നിംസ് ഹാര്‍ട്ട് ഫൗണ്ടേഷനും സംയുക്തമായി നടത്തിവരുന്ന സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതിയായ ഹാര്‍ട്ട്-റ്റൂ-ഹാര്‍ട്ടില്‍ ഉള്‍പ്പെടുത്തിയാണ് പ്രസാദിന്റെ ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയയ്ക്ക് പിന്നാലെ മമ്മൂട്ടിക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രസാദ് എത്തി. താരത്തെ നേരില്‍ കണ്ട് നന്ദി പറയാന്‍ കാത്തിരിക്കുകയാണ് പ്രസാദ് ഇപ്പോള്‍. ഈ വീഡിയോയാണ് വൈറല്‍ ആകുന്നത്. അതേസമയം, 250ല്‍ അധികം ശസ്ത്രക്രിയകള്‍ ഹാര്‍ട്ട് -റ്റൂ -ഹാര്‍ട്ടില്‍ ഉള്‍പ്പെടുത്തി നടത്തിയിട്ടുണ്ട്.