Sunday, April 13, 2025
Kerala

കൊവിഡ് പരിശോധനാ രീതിയില്‍ മാറ്റം; ഗൈഡ് പുറത്തിറക്കി: ആരോഗ്യമന്ത്രി

 

സംസ്ഥാനത്തെ കൊവിഡ് പരിശോധനാ സ്ട്രാറ്റജി പുതുക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേര്‍ വാക്‌സിനെടുത്ത പശ്ചാത്തലത്തിലാണ് തീരുമാനം.ഓരോ ജില്ലകളിലെയും വാക്‌സിനേഷന്‍ നില അടിസ്ഥാനമാക്കി ഗൈഡ് ലൈന്‍ പുറത്തിറക്കി. എല്ലാ ജില്ലകളിലും സെന്റിനല്‍, റാന്‍ഡം സാമ്പിളുകളെടുത്ത് പരിശോധന നടത്തും.

രോഗവ്യാപനത്തിന്റെ കൃത്യമായ അളവ് അറിയുന്നതിന് കൂടുതല്‍ പേരെ പരിശോധിക്കും. 80 ശതമാനത്തിന് മുകളില്‍ ആദ്യ ഡോസ് വാക്സിന്‍ എടുത്ത ജില്ലകളില്‍ നേരിയ തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങിയ എല്ലാ രോഗലക്ഷണങ്ങളുള്ള വ്യക്തികള്‍ക്കും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തും. ഈ സ്ഥലത്ത് സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആന്റിജന്‍ പരിശോധന നടത്തുന്നതാണ്. കടകള്‍, മാളുകള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍, ട്രാന്‍സിറ്റ് സൈറ്റുകള്‍ തുടങ്ങിയ ഉയര്‍ന്ന സാമൂഹിക സമ്പര്‍ക്കം ഉള്ള ആളുകള്‍ക്കിടയിലാണ് ഈ പരിശോധന നടത്തുന്നത്.

ജില്ലയിലെ രോഗത്തിന്റെ സ്ഥിതി വിലയിരുത്താനുള്ള റാന്‍ഡം പരിശോധനയ്ക്കും ആന്റിജന്‍ മതിയാകും. 80 ശതമാനത്തിന് മുകളില്‍ ആദ്യ ഡോസ് വാക്സിന്‍ എടുത്ത തദ്ദേശ സ്ഥാപന പ്രദേശങ്ങളിലും ഈ രീതി പിന്തുടരുന്നതാണ്. 80 ശതമാനത്തിന് താഴെ ആദ്യ ഡോസ് വാക്സിന്‍ നല്‍കിയ തദ്ദേശ സ്ഥാപന പ്രദേശങ്ങളില്‍ പഴയ രീതി തുടരുന്നതാണ്.

രണ്ട് ഡോസ് വാക്സിന്‍ എടുത്ത് രണ്ടാഴ്ച കഴിഞ്ഞവര്‍ക്ക് രോഗലക്ഷണമില്ലെങ്കില്‍ റാന്‍ഡം പരിശോധനയില്‍ നിന്നും ഒഴിവാക്കുന്നതാണ്. രോഗം സ്ഥിരീകരിച്ച് രണ്ട് മാസത്തിനകം ഉള്ളവരേയും ഇതില്‍ നിന്നും ഒഴിവാക്കുന്നതാണ്.
ശേഖരിക്കുന്ന സാമ്പിളുകള്‍ കാലതാമസം കൂടാതെ ലാബുകളിലയച്ച് പരിശോധിച്ച് പോസിറ്റീവും നെഗറ്റീവുമായ ഫലങ്ങള്‍ എത്രയും വേഗം അപ് ലോഡ് ചെയ്യേണ്ടതാണ്. ഇതിന് വിരുദ്ധമായി ചെയ്യുന്ന ലാബുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ജില്ലാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് കിറ്റുകളുടെ ഗുണനിലവാര പരിശോധന നടത്തി നടപടി സ്വീകരിക്കുന്നതാണ്. ആരോഗ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *