മുൻ ഭാര്യക്കെതിരെയും അതിജീവിതക്കെതിരെയും ഗുരുതര ആരോപണങ്ങൾ; ദിലീപ് സുപ്രിംകോടതിയെ സമീപിച്ചു
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് സുപ്രിംകോടതിയെ സമീപിച്ചു. അതിജീവിതക്കെതിരെയും മുൻ ഭാര്യക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ദിലീപ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. തന്നെ കേസിൽ കുടുക്കുകയായിരുന്നുവെന്നും വിചാരണ വേഗത്തിൽ ആക്കണമെന്നുമാണ് നടൻ ദിലീപിന്റെ അഭ്യർത്ഥന. ഉന്നത പൊലീസ് ഉദ്യോഗസ്ഥ അതിജീവിതയെ നിയമവിരുദ്ധമായി സഹായിക്കുകയാണെന്നും ദിലീപ് ആരോപിക്കുന്നു.
പല കേസുകളും തനിക്കെതിരെ പൊലീസ് കെട്ടിച്ചമയ്ക്കുകയാണ്. ഒരു വനിതാ ഉദ്യോഗസ്ഥ കേസുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ഇടപെടുന്നുണ്ട്. അതിജീവിതയ്ക്ക് ഇവരുമായി വളരെ അടുത്ത ബന്ധമാണുള്ളത്. പല ഘട്ടങ്ങളിലും അതിജീവിതയെ ഇവർ നിയമവിരുദ്ധമായി സഹായിക്കുകയാണ്. സിനിമയിലെ ഒരു വിഭാഗമാണ് തന്നെ ഈ കേസിൽ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിക്കുന്നത്. സമയ ബന്ധിതമായി കേസിന്റെ വിചാരണ പൂർത്തിയാക്കിയില്ലെങ്കിൽ തനിക്ക് വലിയ നഷ്ടങ്ങളുണ്ടാവും തുടങ്ങിയ കാര്യങ്ങളാണ് ദിലീപ് ഉന്നയിക്കുന്നത്.
കേസ് പെട്ടെന്ന് തീർപ്പാക്കാൻ വിചാരണക്കോടതിക്ക് സുപ്രിംകോടതി നിർദേശം നൽകണം. ഈ കേസിൽ തന്നെ പെടുത്തുന്നത് നീതിയുടെ താൽപ്പര്യത്തിന് എതിരാണെന്നും ദീലീപ് അപേക്ഷയിൽ പറയുന്നു. രഞ്ജിത റോത്തഗിയാണ് ദീലീപിന് വേണ്ടി സുപ്രിംകോടതിയിൽ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. അടുത്ത ദിവസം സുപ്രിംകോടതിയുടെ മുമ്പിൽ ഈ അപേക്ഷയെത്തും.