Monday, January 6, 2025
Kerala

കവിയും സാംസ്കാരികപ്രവർത്തകനുമായ ലൂയിസ് പീറ്റർ അന്തരിച്ചു

എറണാകുളം: കവിയും സാംസ്കാരിക പ്രവർത്തകനുമായ ലൂയിസ് പീറ്റർ അന്തരിച്ചു. 59 വയസ്സായിരുന്നു. കേരളത്തിലെ സാഹിത്യസദസ്സുകളിലും ജനകീയസമരങ്ങളിലും കൂട്ടായ്മകളിലും സജീവസാന്നിധ്യമായിരുന്നു. ‘ലൂയിപ്പാപ്പൻ’ എന്നാണ് അടുപ്പമുള്ളവർ അദ്ദേഹത്തെ വിളിച്ചിരുന്നത്.

മുൻ ഫെഡറൽ ബാങ്ക് ജീവനക്കാരനായിരുന്ന അദ്ദേഹം ജോലി രാജിവച്ച് പിന്നീട് മുഴുവൻ സമയസാഹിത്യകാരനായി. കൂട്ടായ്മകളിലൂടെയും സൗഹൃദങ്ങളിലൂടെയും ജീവിച്ചു.

കുറച്ചുകാലമായി വീട്ടിൽ അസുഖബാധിതനായി വിശ്രമത്തിലായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നെങ്കിലും തിരികെ വീട്ടിലെത്തി വിശ്രമം തുടർന്നു. വൈകിട്ട് അഞ്ചേമുക്കാലോടെയാണ് ആരോഗ്യനില മോശമാവുകയും മരണം സംഭവിക്കുകയും ചെയ്തത്.

1986-ലാണ് ലൂയിസ് പീറ്റർ ആദ്യകവിതയെഴുതുന്നത്. പിന്നീട് ഇരുപത് വർഷത്തെ നീണ്ട ഇടവേള. ഇതിന് ശേഷമാണ് വീണ്ടും കവിതയുമായി രംഗത്തെത്തിയതും, ജോലി രാജി വച്ച് സാഹിത്യ, സാംസ്കാരികക്കൂട്ടായ്മകളിലും കേരളത്തിലെ ചലച്ചിത്രോത്സവങ്ങളിലും സജീവമായതും.

അദ്ദേഹത്തിന്‍റെ കവിതകളെല്ലാം ചേർത്ത് ‘ലൂയിസ് പീറ്ററിന്‍റെ കവിതകൾ’ എന്ന പുസ്തകം തൃശ്ശൂരിലെ 3000 ബിസി സ്ക്രിപ്റ്റ് മ്യൂസിയം എന്ന പ്രസാധകസംഘം പുറത്തിറക്കി.

Leave a Reply

Your email address will not be published. Required fields are marked *