Tuesday, January 7, 2025
Kerala

എന്ത് ‘പട്ടം’ ആര് ചാർത്തിത്തന്നാലും അവസാനശ്വാസം വരെ…; അതിരൂപത പറഞ്ഞ ‘തീവ്രവാദ വേരുകൾ’ക്ക് മറുപടിയുമായി ജലീൽ

മലപ്പുറം: ക്രൈസ്തവ പുരോഹിതന്മാരുടെ വിമർശനത്തിന് മറുപടിയുമായി കെ ടി ജലീൽ എം എൽ എ. കുറച്ചു കാലമായി ചില പിതാക്കൻമാരിൽ നിന്ന് കേട്ടുകൊണ്ടിരിക്കുന്ന വാക്കുകൾ വല്ലാതെ വേദനിപ്പിച്ചുവെന്നും ഐക്യത്തിന്‍റെ സ്വരമല്ല വെറുപ്പിന്‍റെ ശബ്ദമാണ് അത്തരം പദപ്രയോഗങ്ങളിലൂടെ ശ്രവിച്ചതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ചില പുരോഹിതന്മാരുടെ ചില പ്രസ്താവനകൾക്കെതിരെ രൂക്ഷമായ പ്രതികരണം പൊതു പ്രവർത്തകൻ എന്ന നിലയിൽ ഞാൻ നടത്തിയിട്ടുണ്ട്. അതിലെവിടെയും ക്രൈസ്തവ സമുദായത്തെ വേദനിപ്പിക്കുന്ന ഒരു പരാമർശവും ഉണ്ടായിട്ടില്ല. ബന്ധപ്പെട്ട വ്യക്തികളെ മാത്രമാണ് വിമർശിച്ചത്. ആരെയെങ്കിലും തല്ലാനോ കൊല്ലാനോ ആരുടെയെങ്കിലും തലയെടുക്കാനോ ആഹ്വാനം ചെയ്തിട്ടില്ലെന്നും ജലീൽ വ്യക്തമാക്കി.

ഞാനാരാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. സംഘികളുടെയും കൃസംഘികളുടെയും മുസംഘികളുടെയും വർഗീയതകളെ നിഷ്കരുണം ഇക്കാലമത്രയും തുറന്ന് കാട്ടിയിട്ടുണ്ട്. ഒന്നിനോടും ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. എല്ലാ മതസമുദായങ്ങളിലെയും വർഗീയ കോമരങ്ങളെ ശക്തിയുക്തം എതിർക്കുന്നതിൽ ഒരു പിശുക്കും കാണിച്ചിട്ടില്ല. അതിൻ്റെ പേരിൽ മുസ്ലിം തീവ്രൻമാരുടെ ഭീകരമായ എതിർപ്പ് എനിക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അവരെല്ലാവരും കൂടി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എന്നെ തോൽപ്പിക്കാൻ ബിജെപിയുടെ കൂടെച്ചേർന്ന് ഒരു ചാരിറ്റി തലവനെ കളത്തിലിറക്കിയത് ആരും മറന്ന് കാണില്ല. മതത്തിന്‍റെയും വിശ്വാസത്തിന്‍റെ യും പേരിൽ ആളുകളെ വിഭാഗീകരിച്ച് തല്ലാനും കൊല്ലാനും പുറപ്പെട്ടാൽ നാവടക്കി നിൽക്കില്ല. ന്യായമായത് ആർക്കെങ്കിലും നിഷേധിച്ചാലും നോക്കി നിൽക്കില്ല. അത്തരം അനീതികൾക്കെതിരെ അവസാന ശ്വാസം വരെ പടപൊരുതും. എന്ത് ‘പട്ടം’ ആരൊക്കെ ചാർത്തിത്തന്നാലും ശരിയെന്നും കെ ടി ജലീൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ചെറുപ്പം മുതൽ ക്രൈസ്തവ പുരോഹിതൻമാരെ എനിക്ക് ഇഷ്ടമാണ്. സിനിമകളിലൂടെയാണ് അവരുടെ വിശുദ്ധ വേഷവും സ്നേഹമസൃണമായ ശാന്ത മുഖവും മനസ്സിൽ പതിഞ്ഞത്. ജനങ്ങൾക്കിടയിൽ മൈത്രിയുടെ ദൂതൻമാരായാണ് തിരുമേനിമാർ സമൂഹത്തിൽ വർത്തിച്ചത്. എന്നാൽ കുറച്ചു കാലമായി ചില പിതാക്കൻമാരിൽ നിന്ന് കേട്ടുകൊണ്ടിരിക്കുന്ന വാക്കുകൾ വല്ലാതെ വേദനിപ്പിച്ചു. ഐക്യത്തിൻ്റെ സ്വരമല്ല വെറുപ്പിൻ്റെ ശബ്ദമാണ് അത്തരം പദപ്രയോഗങ്ങളിലൂടെ ശ്രവിച്ചത്. ആ പ്രസ്താവനകൾ താഴേ പറയും പ്രകാരം സംഗ്രഹിക്കാം.
“ഞങ്ങളുടെ കുട്ടികളെ പഠിപ്പിക്കാനാണ് ഞങ്ങൾ സ്ഥാപനങ്ങൾ ഉണ്ടാക്കിയത്”
“ക്രൈസ്തവ പെൺകുട്ടികളെ മുസ്ലിം ചെറുപ്പക്കാർ ബോധപൂർവ്വം പ്രേമിച്ച് (ലൗ ജിഹാദ്) മതം മാറ്റി വിവാഹം കഴിക്കുന്നു”
“ഹലാൽ ഭക്ഷണം ക്രൈസ്തവർ ഉപേക്ഷിക്കണം”
“മന്ത്രി അബ്ദുറഹിമാൻ്റെ പേരിൽ തന്നെ വർഗീയതയുണ്ട്”
“മയക്ക് മരുന്ന് നൽകി ക്രൈസ്തവ പെൺകുട്ടികളെ വശീകരിച്ച് മതം മാറ്റുന്ന “നാർകോട്ടിക് ജിഹാദ്” കേരളത്തിൽ സജീവമാണ്”
“റബ്ബറിന് 300 രൂപ കിട്ടിയാൽ ബി.ജെ.പിക്ക് കേരളത്തിൽ നിന്ന് എം.പിമാരില്ലാത്ത കുറവ് പരിഹരിക്കാം”
“നരേന്ദ്രമോദി മാതൃകാ ഭരണകർത്താവാണ്”
ഇത്തരം പ്രസ്താവനകൾക്കെതിരെ രൂക്ഷമായ പ്രതികരണം ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ ഞാൻ നടത്തിയിട്ടുണ്ട്. അതിലെവിടെയും ക്രൈസ്തവ സമുദായത്തെ വേദനിപ്പിക്കുന്ന ഒരു പരാമർശവും ഉണ്ടായിട്ടില്ല. ബന്ധപ്പെട്ട വ്യക്തികളെ മാത്രമാണ് വിമർശിച്ചത്. ആരെയെങ്കിലും തല്ലാനോ കൊല്ലാനോ ആരുടെയെങ്കിലും തലയെടുക്കാനോ ആഹ്വാനം ചെയ്തിട്ടില്ല.
റബ്ബറിന് നൽകുന്ന 300 രൂപ വാങ്ങാൻ മതന്യൂനപക്ഷങ്ങളുടെ ഉടലിൽ തല വേണ്ടേയെന്ന് വർത്തമാന ഇന്ത്യൻ സാഹചര്യത്തെ മുൻനിർത്തി പ്രതീകാത്മകമായി പറഞ്ഞ വാക്കുകൾ സുരേന്ദ്രനും കൂട്ടരും വളച്ചൊടിക്കുന്നത് മനസ്സിലാക്കാം. ഇരിഞ്ഞാലക്കുട അതിരൂപതയുടെ മുഖപത്രം എല്ലാം അറിഞ്ഞിട്ടും എൻ്റെ വാചകങ്ങളെ വികലമാക്കി അവതരിപ്പിച്ചതാണ് ആശ്ചര്യകരം!
“ഹാഗിയ സോഫിയ” വിവാദ കാലത്ത് ചില മുസ്ലിം സംഘടനകളുടെ നിലപാടുകളെ എതിർത്ത് “മലയാളം”വാരികയിൽ ഞാനെഴുതിയ ലേഖനം വായനാശീലമുള്ളവരുടെ ഓർമ്മപ്പുറത്തുണ്ടാകും. എൻ്റെ ഏറ്റവും അടുത്ത കുടുംബ സുഹൃത്തുക്കളിൽ ഒരു കുടുംബമാണ് വർഷങ്ങളായി വളാഞ്ചേരിയിൽ മെഡിക്കൽ രംഗത്ത് പ്രാക്ടീസ് ചെയ്യുന്ന ഡോ: ജിമ്മി ജോസഫിൻ്റേത്. (ഫോൺ: 9388107463). അദ്ദേഹത്തോട് ഇരിഞ്ഞാലക്കുട അതിരൂപതയുടെ മുഖപത്രത്തിൻ്റെ ലേഖകൻ എൻ്റെ “തീവ്രവാദവേരുകളും” ക്രൈസ്തവ വിരുദ്ധതയും ചോദിച്ച് മനസ്സിലാക്കിയാൽ നന്നാകും.
ഈ വിനീതൻ ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്താണ് കേരളത്തിൽ ആദ്യമായി സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകൾക്ക് “സ്വയംഭരണാവകാശം”കൊടുത്തത്. അന്ന് “Autonomy” ലഭിച്ച മൂന്ന് സ്ഥാപനങ്ങളാണ് സെൻ്റ് ഗിറ്റ്സും രാജഗിരിയും മാർ ബസേലിയോസും. അവരോട് തിരക്കിയാൽ എൻ്റെ “തീവ്രവാദവേര്” എത്രത്തോളമുണ്ടെന്ന് ഇരിഞ്ഞാലക്കുട അതിരൂപതക്ക് ഗ്രഹിക്കാം.
ഞാൻ തദ്ദേശമന്ത്രിയായപ്പോൾ തദ്ദേശവകുപ്പിൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിച്ചത് ടി.കെ ജോസ് ഐ.എ.എസ്സാണ്. അദ്ദേഹത്തോടും എൻ്റെ ക്രൈസ്തവ വിരുദ്ധയെ സംബന്ധിച്ച് അതിരൂപത “മുഖപത്രത്തിൻ്റെ” എഡിറ്റർക്ക് ചോദിക്കാം. ഞാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ ചുമതല വഹിച്ച സന്ദർഭത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി ഡോ: ഉഷാ ടൈറ്റസായിരുന്നു. അവരോടും എൻ്റെ “തീവ്രവാദവേരുകളും ക്രൈസ്തവ വിരുദ്ധതയും” ലേഖകന് ചോദിച്ച് മനസ്സിലാക്കാം.
ആലപ്പുഴ എസ്.എൻ. കോളേജിൽ നിന്ന് തിരുവനന്തപുരം ഗവ: വനിതാ കോളേജിലേക്ക് ഞാൻ മുൻകയ്യെടുത്ത് കോളേജ് മാറ്റം നൽകിയ, അച്ഛനും അമ്മയും നഷ്ടപ്പെട്ട പാവപ്പെട്ട ക്രൈസ്തവ പെൺകുട്ടിയോടും അവരുടെ മുത്തശ്ശിയോടും എന്നെ സംബന്ധിച്ച് ആരായാം. എൻ്റെ നിയോജക മണ്ഡലത്തിലെ കൊടക്കൽ മിഷൻ ഹോസ്പിറ്റലിൻ്റെ മാനേജ്മെൻ്റിനോടും അതോട് ചേർന്നുള്ള ചർച്ചിലെ അച്ഛൻമാരോടും ക്രൈസ്തവ വിശ്വാസികളായ തവനൂരിലെ വോട്ടർമാരോടും എൻ്റെ “ക്രൈസ്തവ വിരുദ്ധതയെ” സംബന്ധിച്ച് പത്രത്തിൻ്റെ എഡിറ്റർക്ക് ചോദിച്ചറിയാം.
വിവിധ ആവശ്യങ്ങൾക്കായി MLA എന്ന നിലയിലും മന്ത്രി എന്ന നിലയിലും എന്നെ വന്ന് കണ്ട ഒരുപാട് ക്രൈസ്തവ സഹോദരങ്ങളുണ്ട്. അവരോടും എൻ്റെ “തീവ്രവാദവേരുകൾ” ഇരിഞ്ഞാലക്കുട അതിരൂപതയുടെ മുഖപത്രത്തിൻ്റെ പത്രാധിപർക്ക് ചികയാം.
ബി.ജെ.പിക്കാരും ആർ.എസ്.എസുകാരും ഭീകരവാദിയെന്നോ, ഇരിഞ്ഞാലക്കുട അതിരൂപതാ മുഖപത്രം തീവ്രവാദിയെന്നോ സംഘടിതമായി ചാപ്പ കുത്തിയാലും വർഗ്ഗീയ നിലപാടുകളെ വിമർശിക്കുന്നതിൽ നിന്ന് ഞാൻ പിന്തിരിയുമെന്ന തെറ്റിദ്ധാരണ വേണ്ട. ആര് എന്ത് വിളിച്ചാലും അതെനിക്കൊരു വിഷയമല്ല. വസ്തുതാ വിരുദ്ധമായി ”എവൻ” പറഞ്ഞാലും അതിനോട് വിയോജിക്കും. എതിർപ്പ് പ്രകടിപ്പിക്കും.
ഞാനാരാണെന്ന് എനിക്ക് നല്ല ബോദ്ധ്യമുണ്ട്. സംഘികളുടെയും കൃസംഘികളുടെയും മുസംഘികളുടെയും വർഗീയതകളെ “നിഷ്കരുണം” ഇക്കാലമത്രയും തുറന്ന് കാട്ടിയിട്ടുണ്ട്. ഒന്നിനോടും ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. എല്ലാ മതസമുദായങ്ങളിലെയും വർഗീയ കോമരങ്ങളെ ശക്തിയുക്തം എതിർക്കുന്നതിൽ ഒരു പിശുക്കും കാണിച്ചിട്ടില്ല. അതിൻ്റെ പേരിൽ മുസ്ലിം തീവ്രൻമാരുടെ ഭീകരമായ എതിർപ്പ് എനിക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അവരെല്ലാവരും കൂടി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എന്നെ തോൽപ്പിക്കാൻ ബി.ജെ.പിയുടെ കൂടെച്ചേർന്ന് ഒരു ചാരിറ്റി തലവനെ കളത്തിലിറക്കിയത് ആരും മറന്ന് കാണില്ല. മതത്തിൻ്റെയും വിശ്വാസത്തിൻ്റെയും പേരിൽ ആളുകളെ വിഭാഗീകരിച്ച് തല്ലാനും കൊല്ലാനും പുറപ്പെട്ടാൽ നാവടക്കി നിൽക്കില്ല. ന്യായമായത് ആർക്കെങ്കിലും നിഷേധിച്ചാലും നോക്കി നിൽക്കില്ല. അത്തരം അനീതികൾക്കെതിരെ അവസാന ശ്വാസം വരെ പടപൊരുതും. എന്ത് ‘പട്ടം’ ആരൊക്കെ ചാർത്തിത്തന്നാലും ശരി.

­

Leave a Reply

Your email address will not be published. Required fields are marked *