Saturday, January 4, 2025
Kerala

എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഇന്ന് റിപ്പോർട്ട് നൽകും

കോഴിക്കോട് കുന്ദമംഗലത്ത് എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഇന്ന് റിപ്പോർട്ട് നൽകും. ബാലാവകാശ കമ്മീഷൻ മുൻപാകെയാണ് റിപ്പോർട്ട് സമർപ്പിക്കുക. വിശദമായ റിപ്പോർട്ട് കമ്മീഷന് മുന്നിൽ സമർപ്പിക്കണമെന്ന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്ക് നിർദ്ദേശം ലഭിച്ചിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി മാരകമയക്കുമരുന്നായ എംഡിഎംഎ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. കേസിൽ വിദ്യാർത്ഥിനിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. കുട്ടി ഉപയോഗിച്ച ലഹരി എംഡിഎംഎയാണെന്നും ഡിപ്രഷൻ മൂലമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും മെഡിക്കൽ കോളജ് എസിപി കെ. സുദർശൻ പറഞ്ഞിരുന്നു.

ഒരുവർഷത്തിലേറെയായി എട്ടാം ക്ലാസുകാരി എം.ഡി.എം.എ ഉപയോഗിക്കുന്നുണ്ട്. താൻ ലഹരിക്കടിമയാണെന്ന് കുട്ടിയുടെ തന്നെ മൊഴിയുണ്ട്. പുറത്തു നിന്നുള്ളവരും സുഹൃത്തുക്കളുമാണ് ലഹരി എത്തിക്കുന്നത്. വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കുന്നമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒൻപതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയാണ് ആദ്യം ലഹരി നൽകിയതെന്ന് കോഴിക്കോട് ചൂലൂർ സ്വദേശിയായ കുട്ടി വെളിപ്പെടുത്തുന്നു. സ്കൂളിലെ പലരും ലഹരി ഉപയോഗിക്കാറുണ്ട്. കണ്ടാലറിയുന്ന പുറത്ത് നിന്നുള്ളവരാണ് സ്കൂൾ കവാടത്തിൽ ലഹരിയെത്തിക്കുന്നതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട്, പൊലീസ് ആക്ട് എന്നിവ ഉൾപ്പെടുത്തി കേസെടുത്തിട്ടുണ്ട്. രക്തസാമ്പിൾ ഉൾപ്പെടെ രാസപരിശോധനയ്ക്കായി ശേഖരിച്ചുവെന്നും എസിപി കെ. സുദർശൻ വ്യക്തമാക്കി.

ഇന്നലെ ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മെഡിക്കൽ കോളജ് എസിപി കെ. സുദർശൻ മെഡിക്കൽ കോളേജിലെത്തിയാണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. സീനിയറായ കുട്ടിയാണ് ലഹരി നൽകിയതെന്നും പിന്നീട് പുറത്തു നിന്നും വാങ്ങാനാരംഭിച്ചുവെന്നും പെൺകുട്ടി നേരത്തേ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *