Friday, January 10, 2025
Kerala

സ്ത്രീകളുടെ ഫോട്ടോ ഉപയോഗിച്ച് ഉഴിച്ചില്‍ സ്ഥാപനമെന്ന പേരില്‍ തട്ടിപ്പ്; വലയിലാക്കിയത് 131 പേരെ; 19കാരന്‍ പിടിയില്‍

ഉഴിച്ചില്‍ സ്ഥാപനം നടത്തുന്നുവെന്ന് കബളിപ്പിച്ച് ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ് നടത്തിയ കേസില്‍ മലപ്പുറത്ത് പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍. കാളികാവ് ചോക്കാട് സ്വദേശി ക്രിസ്റ്റോണ്‍ ജോസഫ് ആണ് അറസ്റ്റിലായത്. സ്ഥാപനവുമായി ബന്ധപ്പെടാന്‍ ചോക്കാട് സ്വദേശിനിയുടെ നമ്പര്‍ നല്‍കിയായിരുന്നു യുവാവിന്റെ തട്ടിപ്പ്. യുവതി പരാതി നല്‍കിയതോടെയാണ് ‘സൈബര്‍ കള്ളന്‍’ പിടിയിലായത്.

മസാജ് ചെയ്തുനല്‍കുന്ന 32 വയസ്സുകാരിയുടേതെന്ന മട്ടിലാണ് ഇന്റര്‍നെറ്റില്‍നിന്നു സംഘടിപ്പിച്ച ചിത്രമുപയോഗിച്ച് ക്രിസ്റ്റോണ്‍ ഫെയ്‌സ്ബുക്കില്‍ അക്കൗണ്ട് ഉണ്ടാക്കിയത്. പത്തുനാള്‍കൊണ്ടുതന്നെ 131 പേര്‍ ഇതിലെത്തി സൗഹൃദം സ്ഥാപിച്ചു. പലരും ഫോണ്‍നമ്പര്‍ ആവശ്യപ്പെട്ടു. ഇവര്‍ക്കെല്ലാം യുവാവ് ചോക്കാട് സ്വദേശിനിയായ യുവതിയുടെ നമ്പര്‍ നല്‍കി. ഫോണിലേക്ക് നിരന്തരം വിളികള്‍ എത്തിയതോടെ ഇതൊന്നുമറിയാത്ത യുവതി കാളികാവ് പൊലീസില്‍ പരാതിയുമായെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലാകുന്നത്.

ഉഴിച്ചിലിലൂടെ ശാരീരികസുഖം നല്‍കുമെന്നായിരുന്നു വാഗ്ദാനം. 4000 രൂപയുടെ പൂര്‍ണ ഉഴിച്ചില്‍ മുതല്‍ 2000 രൂപയുടെ സുഖചികിത്സ വരെ വാഗ്ദാനം ചെയ്തിരുന്നു. പരസ്യവാചകത്തിലും മെസഞ്ചര്‍ വഴിയുള്ള സ്വകാര്യ സന്ദേശ കൈമാറ്റത്തിലും ഏറെപ്പേര്‍ ആകൃഷ്ടരായി. ആവശ്യപ്പെട്ട പണം നല്‍കി ഉഴിച്ചില്‍ നടത്താന്‍ പലരും സന്നദ്ധരായിരുന്നു. അക്കൗണ്ട് ഉണ്ടാക്കി 10 ദിവസത്തിനകം യുവാവ് പിടിയിലായതിനാല്‍ സാമ്പത്തികത്തട്ടിപ്പിന് വഴിയൊരുങ്ങിയില്ലെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ പരാതിയില്‍ ഐ.ടി. നിയമപ്രകാരമാണ് കേസ് എടുത്തത്. കാളികാവ് സബ് ഇന്‍സ്‌പെക്ടര്‍ ടി.പി. മുസ്തഫ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അബ്ദുല്‍സലീം, പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ് ക്രിസ്റ്റോണ്‍ ജോസഫിനെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *