Thursday, October 17, 2024
Kerala

കാലിക്കറ്റ് സർവകലാശാല ഇന്റർ കോളജിയിറ്റ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ക്രമക്കേടെന്ന് പരാതി

കാലിക്കറ്റ് സർവകലാശാല ഇന്റർ കോളജിയിറ്റ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ക്രമക്കേടെന്ന് പരാതി. സ്വർണ മെഡൽ നേടിയ വിദ്യാർത്ഥിയെ തഴഞ്ഞ് മൂന്നാം സ്ഥാനക്കാരനെ അഖിലേന്ത്യ ചാമ്പ്യൻഷിപ്പിലേക്ക് തെരഞ്ഞെടുത്തെന്ന ആരോപണവുമായി വിദ്യാർത്ഥികൾ രംഗത്തുവന്നു. നീലേശ്വരം സ്വദേശി ജീവൻ ജോസഫിനാണ് അവസരം നഷ്ടമായത്.

ഈ മാസം 7,8,9 തീയതികളിലാണ് ചാമ്പ്യൻഷിപ്പ് നടന്നത്. അണ്ടർ 67 കിലോഗ്രാം വിഭാഗത്തിൽ കൊടകര സഹൃദയ കോളജിലെ ജീവൻ ജോസഫാണ് സ്വർണ മെഡൽ കരസ്ഥമാക്കിയത്. എന്നാൽ ജീവൻ സെമിഫൈനലിൽ പരാജയപ്പെടുത്തിയ തൃശൂർ സെന്റ്‌ അലോഷ്യസ് കോളജിലെ മറ്റൊരു വിദ്യാർത്ഥിയെയാണ് അഖിലേന്ത്യ ചാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ കമ്മിറ്റി തെരഞ്ഞെടുത്തത്. ഇതിൽ ക്രമക്കേട് നടന്നുവെന്നാണ് വിദ്യാർത്ഥികളുടെ പരാതി

സഹൃദയ കോളജ്, മത്സര വിധിയെ സ്വാധീനിച്ചുവെന്ന പരാതി ഉയർന്നതിനെ തുടർന്ന് വീണ്ടും സെലക്ഷൻ മത്സരം നടത്തിയെന്നാണ് സർവകലാശാലയുടെ വാദം. ഇതിൽ പങ്കെടുക്കാൻ തയ്യാറാകത്തതുകൊണ്ടാണ് ജീവന് അവസരം നഷ്ടമായതെന്നുമാണ് വിശദീകരണം.

ചാമ്പ്യൻഷിപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരെ അഖിലേന്ത്യ മത്സരത്തിനയക്കുകയാണ് പതിവ്. ഈ മാനദണ്ഡങ്ങൾ ലംഘിച്ചുള്ള സെലക്ഷൻ കമ്മിറ്റിയുടെ ബോധപൂർവമായ നീക്കം അന്വേഷിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

Leave a Reply

Your email address will not be published.