തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാപ്പകയിൽ ആക്രമണം; യുവാവിന്റെ കാല് വെട്ടി മാറ്റി
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാപ്പകയിൽ ആക്രമണം. ആറ്റുകാൽ പാടശേരിയിൽ യുവാവിന്റെ കാലു വെട്ടി മാറ്റി. പാടശേരി സ്വദേശി ശരത്തിനാണ് വെട്ടേറ്റത്. ഇയാളുടെ ഗുണ്ടാ സംഘത്തിൽപ്പെട്ട ബിജു,ശിവൻ എന്നിവർ ചേർന്ന് വെട്ടിയെന്നാണ് പോലീസ് നൽകുന്ന വിവരം.
ഇന്ന് രാവിലെ ആറ്റുകാൽ പാടശേരിക്ക് സമീപമുള്ള ചതുപ്പ് നിലത്തിലാണ് സംഭവം.ഗുണ്ടാ നേതാവും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ശരത്തിനെ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു.ശരത്തിന്റെ രണ്ടു കാലുകളിലും വെട്ടേറ്റു.ഒരു കാൽ വെട്ടി മാറ്റി. വലതു തോളെല്ലിനും കാര്യമായി വെട്ടേറ്റു.ഗുരുതര പരിക്കുകളോടെ ശരത് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ഇയാളുടെ ഗുണ്ടാ സംഘത്തിൽ തന്നെയുള്ള ബിജു, ശിവൻ എന്നിവർ ചേർന്ന് നടത്തിയ ആക്രമണമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.ഗുണ്ടാ കുടിപ്പക ആക്രമണത്തിന് കാരണമായെന്നും പോലീസ് വിലയിരുത്തുന്നു.ഇവർക്കായി ഫോർട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വെട്ടേറ്റ ശരത്തിനെ മുൻപ് കാപ്പ ചുമത്തി നാട് കടത്തിയ ആളാണ്.ബിജുവിനും ശിവനുമെതിരെയും കേസുകളുണ്ട്.