Tuesday, April 15, 2025
Kerala

വിദ്യാര്‍ഥികള്‍ക്ക് ഹോമിയോ പ്രതിരോധ ഗുളിക; എതിര്‍പ്പുമായി പരിഷത്തും

കോഴിക്കോട്: വിദ്യാലയങ്ങള്‍ തുറക്കാന്‍ ഇനി രണ്ടു ദിവസങ്ങള്‍ മാത്രം ശേഷിക്കേ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന പ്രതിരോധ ഹോമിയോ ഗുളികയെക്കുറിച്ചുള്ള വിവാദം കനക്കുന്നു. ഡോക്ടര്‍മാരുടെ സംഘടനയായ ഐ എം എക്ക് പുറമെ ശാസ്ത്ര സാഹിത്യ പരിഷത്തും ഹോമിയോ മരുന്ന് വിതരണത്തിനെതിരെ രംഗത്തെത്തി. എന്നാല്‍, ഓണ്‍ലൈന്‍ മുഖേന ഗുളികക്ക് വേണ്ടിയുള്ള ബുക്കിംഗ് തുടരുകയാണെന്ന് പത്തനംതിട്ട ഹോമിയോ ഡി എം ഒയും ഹോമിയോ ഗുളിക വിതരണം ചെയ്യുന്നതിനുള്ള സംസ്ഥാന കോര്‍ഡിനേറ്ററുമായ ഡോ. ബിജുകുമാര്‍ പറഞ്ഞു.

കുട്ടികള്‍ക്ക് കൊവിഡ് വാക്‌സീന്‍ നല്‍കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം പ്രതിരോധ ഗുളികയായ ആഴ്‌സനിക് ആല്‍ബം 30 എന്ന ഹോമിയോ മരുന്ന് വിതരണം ചെയ്യുന്നത്. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത ശേഷം ഹോമിയോ ഡിസ്‌പെന്‍സറികള്‍ വഴിയാണ് മരുന്ന് നല്‍കുന്നത്. മൂന്ന് ഗുളിക വീതം 21 ദിവസം ഇടവിട്ടാണ് കഴിക്കേണ്ടത്. മരുന്ന് വിതരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയതോടെയാണ് അലോപ്പതി ഡോക്ടര്‍മാരുടെ സംഘടനയും ശാസ്ത്ര സാഹിത്യ പരിഷത്തും രംഗത്തെത്തിയത്. പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള ആരോഗ്യവിഷയ സമിതിയാണ് രൂക്ഷമായി പ്രതികരിച്ചത്. കൊവിഡ് രോഗത്തിന് പ്രതിരോധമായി ഒരു മരുന്ന് കുട്ടികള്‍ക്ക് സാര്‍വത്രികമായി നല്‍കുന്നത് വളരെആലോചിച്ച ശേഷമായിരിക്കണം. മരുന്നിന് എന്തെങ്കിലും തരത്തിലുള്ള വിപരീതഫലം ഉണ്ടായാല്‍ അത് ഒരു തലമുറയെത്തന്നെ ബാധിക്കുമെന്നും അതിനാല്‍ ഹോമിയോ ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നത് നിര്‍ത്തിവക്കണമെന്നും പരിഷത്ത് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

ആഴ്‌സനിക് ആല്‍ബം 30 എന്ന ഹോമിയോ മരുന്ന് കുട്ടികള്‍ക്ക് നല്‍കുന്നതില്‍ നിന്ന് രക്ഷിതാക്കള്‍ വിട്ടു നില്‍ക്കണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രക്ഷിതാക്കളോട് അഭ്യര്‍ഥിച്ചത്. അതേസമയം, 25, 26, 27 തീയതികളിലായിരുന്നു ഊര്‍ജിത ഹോമിയോ മരുന്ന് വിതരണം പ്രഖ്യാപിച്ചിരുന്നത്. ഈ സമയ പരിധി ഇന്നലെ കഴിഞ്ഞതോടെ മരുന്ന് വിതരണത്തിനായി ആരംഭിച്ച 198 പ്രത്യേക കേന്ദ്രങ്ങള്‍ ഒഴിവാക്കി.

ഇനി മുതല്‍ ഹോമിയോ ഡിസ്‌പെന്‍സറികള്‍ വഴി ഓരോ കേന്ദ്രത്തില്‍ നിന്നും 250 പേര്‍ക്ക് വീതം മരുന്ന് നല്‍കും. കേരളത്തില്‍ 36 ലക്ഷത്തോളം വിദ്യാര്‍ഥികളില്‍ 25 ശതമാനം പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ മരുന്ന് വിതരണം ഉദ്ദേശിക്കുന്നതെന്ന് മരുന്ന് വിതരണത്തിന്റെ സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ബിജുകുമാര്‍ പറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ എത്ര പേര്‍ മരുന്ന് വാങ്ങിയെന്ന വിവരം ഹോമിയോ വകുപ്പ് ഡയറക്ടര്‍ വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *