മലയാളി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്‌ക്ക് ഇളവ് അനുവദിച്ച് കര്‍ണാടക
പരീക്ഷയ്‌ക്കെത്തുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് കര്‍ണാടക ഇളവ് അനുവദിച്ചു. പരീക്ഷ എഴുതി മൂന്ന് ദിവസത്തിനകം തിരിച്ചുപോകുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ടെന്ന് കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു. അടിയന്തര യാത്രക്കാര്‍ക്കും വിമാനയാത്രയ്ക്ക് എത്തുന്നവര്‍ക്കും ഇളവ് ബാധകമാണ്. എന്നാല്‍ ആര്‍ടിപി- പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് ഉത്തരവില്‍ പറയുന്നു.
കേരളത്തില്‍ നിന്ന് വരുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കും ഇത് ബാധകമാണ്. കേരളത്തില്‍ നിന്ന് എത്തുന്ന ഇളവ് അനുവദിച്ചവര്‍ ഒഴികെയുള്ളവര്‍ക്ക് ഏഴുദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.
ഏഴാമത്തെ ദിവസം ആര്‍ടി- പിസിആര്‍ പരിശോധന എടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. ജീവനക്കാര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് ആവശ്യമായ നടപടികള്‍ അതത് സ്ഥാപനങ്ങള്‍ സ്വീകരിക്കണം. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ ആരെയും അനുവദിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കര്‍ണാടക ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത ക്വാറന്റൈന്‍ പിന്‍വലിക്കണമെന്ന അഭ്യര്‍ഥനയുമായി കേരളം. സംസ്ഥാനന്തര യാത്രയ്ക്ക് വിലക്ക് പാടില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. ഈ പശ്ചാത്തലത്തില്‍ ഏഴുദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാരിന് ചീഫ് സെക്രട്ടറി വി പി ജോയ് കത്തയച്ചു.