Thursday, January 23, 2025
Kerala

‘കുഞ്ഞിനെ കൊന്നത് അപമാനം ഭയന്ന്’; നവജാത ശിശുവിൻ്റെ മൃതദേഹം തെരുവ് നായ കടിച്ചുവലിച്ച സംഭവം കൊലപാതകം

തിരുവനന്തപുരം അഞ്ചുതെങ്ങ് തീരത്ത് കരക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ കടിച്ചുവലിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. മാനഹാനി ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് അമ്മ പൊലീസിന് മൊഴി നൽകി. നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച മാമ്പള്ളി സ്വദേശി ജൂലിയെ ഇന്ന് രാവിലെയാണ് അഞ്ചുതെങ്ങ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 18ന് രാവിലെയാണ് മാമ്പള്ളി പള്ളിക്ക് പുറക് വശത്തെ തീരത്ത് നവജാത ശിശുവിന്റെ മൃതശരീരം കരക്കടിഞ്ഞത്. ഒരു കൈയും കാലും നഷ്ടപ്പെട്ട നിലയിലായിരുന്നു മൃതദേഹം. ഒറ്റനോട്ടത്തില്‍ ഒരു പാവയുടെ രൂപത്തിലായിരുന്നതിനാല്‍ പ്രദേശവാസികള്‍ ആദ്യം ഇത് ശ്രദ്ധിച്ചിരുന്നില്ല. ഇത് മണത്തെത്തിയ തെരുവ് നായ കടിച്ചെടുത്ത് മാമ്പള്ളി നടവഴിയില്‍ കൊണ്ട് ഇടുകയും എവിടെ വച്ച് കടിച്ചു വലിക്കുകയുമായിരുന്നു.

നവജാത ശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞ പ്രദേശവാസികള്‍ ഉടന്‍ തന്നെ അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച അമ്മയെ കണ്ടെത്തിയത്. അറസ്റ്റിന് പിന്നാലെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇതോടെയാണ് കൊലപാതക വിവരം പുറത്തായത്.

വർഷങ്ങളായി വിധവയായിരുന്ന താൻ ഗർഭിണിയായ വിവരം പുറത്തറിഞ്ഞാലുണ്ടാകുന്ന അപമാനം ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് അമ്മ ജൂലിയുടെ മൊഴി.

Leave a Reply

Your email address will not be published. Required fields are marked *