ആർ ബിന്ദുവിനെ തെരുവിൽ തടയും: കെഎസ്‌യു
ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന മന്ത്രി ആർ ബിന്ദുവിനെ തെരുവിൽ തടയുമെന്ന് കെ.എസ്.യു. അധികാര ദുർവിനിയോഗം നടത്തി പ്രിൻസിപ്പൽ നിയമനം അട്ടിമറിച്ച മന്ത്രി അടിയന്തരമായി സ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യം. അതേസമയം പ്രിന്‍സിപ്പല്‍ നിയമനത്തില്‍ ഇടപെട്ടെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു.
സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ നിയമന പട്ടികയില്‍ മന്ത്രി ബിന്ദു ഇടപെട്ടുവെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖയാണ് പുറത്തുവന്നത്. പി.എസ്.സി അംഗം കൂടി ഉള്‍പ്പെട്ട സെലക്ഷന്‍ കമ്മിറ്റി നിശ്ചയിച്ച അന്തിമപട്ടികയില്‍ നിന്ന് തല്‍ക്കാലം നിയമനം നടത്തേണ്ടതില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കിയെന്നാണ് രേഖയിലുള്ളത്. തങ്ങളുടെ പ്രിയപ്പെട്ടവരെ പട്ടികയിൽ ഉൾപ്പെടുത്താത്തതിനാലാണ് മന്ത്രി ഇത്തരമൊരു നിർദേശം നൽകിയതെന്ന് കെ.എസ്.യു ആരോപിച്ചു.
പ്രിൻസിപ്പൽ നിയമനത്തിലെ മന്ത്രിയുടെ ഇടപെടൽ നേരത്തെ തന്നെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഉന്നത വിദ്യാഭാസ മേഖലയുടെ നിലവാരത്തെ എൽഡിഎഫ് സർക്കാർ തകർക്കുകയാണെന്ന കെ.എസ്.യു നിലപാട് കൂടുതൽ ശരിവെക്കുന്നതാണ് പ്രിൻസിപ്പൽ നിയമനത്തിലെ മന്ത്രിയുടെ ഇടപെടൽ ശരി വയ്ക്കുന്ന വാർത്തകളെന്നും, വിഷയത്തിൽ സംസ്ഥാനത്തുടനീളം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
എന്നാൽ യുജിസി ചട്ടം ലംഘിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് മന്ത്രിയുടെ വാദം. 43 പേരുടെ പട്ടിക തയ്യാറാക്കിയത് സെലക്ഷന്‍ കമ്മിറ്റിയെന്നും മന്ത്രി ബിന്ദു പറഞ്ഞു. പ്രിന്‍സിപ്പല്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനോ മന്ത്രിക്കോ പ്രത്യേക താത്പര്യമില്ല. അന്തിമ പട്ടിക തയ്യാറായിട്ടില്ല. കോടതി വിധി പരിഗണിച്ചാകും അന്തിമ പട്ടിക തയ്യാറാക്കുക. പരാതിക്കിടയാകാത്ത രീതിയില്‍ നിയമനം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നീതിനിഷേധം ഉണ്ടാകാതിരിക്കാനാണ് ഇടപെട്ടത് എന്നും മന്ത്രി പറഞ്ഞു.