Friday, January 10, 2025
Kerala

അരിക്കൊമ്പന്റെ ആരോഗ്യനില മോശമാണ് ഹര്‍ജിക്കാര്‍; ആനകൾ ശക്തരാണ്, ഹർജി അടുത്ത മാസം പരിഗണിക്കാമെന്ന് കോടതി

ദില്ലി: അരികൊമ്പനെ മയക്ക് വെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ജൂലൈ 6 ന് പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനം. അത് വരെ ഒന്നും സംഭവിക്കില്ലെന്നും, ആനകൾ ശക്തരാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി എന്ന സംഘടനയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നൽകിയത്.

അരിക്കൊമ്പന്റെ ആരോഗ്യനില മോശമാണെന്നും ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും സംഘടനക്കായി അഭിഭാഷകന്‍ ദീപക് പ്രകാശും അഭിഭാഷക ദിവ്യാംഗന മാലിക്കും കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാൽ, ഹര്‍ജി അടുത്ത മാസം ആറിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു. ഒന്നിലധികം തവണ മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും അനയ്ക്ക് പരിക്കുണ്ടെന്നും ഹർജിയിൽ പറയുന്നു. നിലവില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലവുമായി അരിക്കൊമ്പന്‍ ഒത്തുപോകുന്നില്ല. ഇത് ആനയുടെ ആരോഗ്യത്തെ ബാധിച്ചെന്നും ഈ സാഹചര്യത്തില്‍ അരിക്കൊമ്പന് ഇനി മയക്കുവെടി വയ്ക്കരുതെന്ന് നിര്‍ദേശിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.

അതേസമയം, തമിഴ്നാട്ടിലെ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ കഴിയുന്ന അരിക്കൊമ്പൻ പുതിയ സ്ഥലവുമായി നന്നായി ഇണങ്ങുന്നുവെന്നാണ് തമിഴ്നാട് വനം വകുപ്പ് പറയുന്നത്. കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിൽ കോതയാറിൽ പുല്ലെല്ലാം തിന്ന് ഉഷാറായി നിൽക്കുന്ന അരിക്കൊമ്പന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം തമിഴ്നാട് വനം വകുപ്പ് പുറത്ത് വിട്ടിരുന്നു.

ജനവാസമേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടർന്നാണ് തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി ഉള്‍ക്കാട്ടില്‍ തുറന്നുവിട്ടത്. തെക്കൻ കേരളത്തിലെ നെയ്യാർ, ശെന്തുരുണി വനമേഖലയോട് ചേർന്ന് കിടക്കുന്ന അപ്പർ കോതയാർ വനമേഖലയിലാണ് ആനയെ തുറന്നുവിട്ടത്. ആനയുടെ മുറിവുകൾക്ക് മതിയായ ചികിത്സ നൽകിയ ശേഷമാണ് തുറന്നുവിട്ടത്.

­

Leave a Reply

Your email address will not be published. Required fields are marked *