തീച്ചൂളയിൽ വീണു മരിച്ച അതിഥി തൊഴിലാളിയുടെ കുടുംബത്തിന് എല്ലാ സഹായവും നൽകും: മന്ത്രി വി ശിവൻകുട്ടി
പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ തീച്ചൂളയിൽ വീണു മരിച്ച ബംഗാൾ സ്വദേശി നസീർ ഹൊസ്സന്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ സ്വീകരിച്ചുവരികെയാണ്.കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി പ്രകാരം 2 ലക്ഷം രൂപയുടെ സഹായം നൽകും.
നസീർ ഹൊസ്സൻ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചിട്ട് 4 ദിവസം മാത്രമേ ആയിരുന്നുളളൂ എന്നാണ് എറണാകുളം ജില്ലാ ലേബർ ഓഫീസറുടെ (എൻഫോഴ്സ്മെന്റ് ) റിപ്പോർട്ടിൽ പറയുന്നത്. സെക്യൂരിറ്റി ജോലിയാണ് ചെയ്തിരുന്നത്.
നസീറിന്റെ മൃതദേഹം സ്വദേശത്ത് എത്തിക്കുന്നതിന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) തൊഴിലുടമയുമായി ആലോചിച്ച് വേണ്ട നടപടി സ്വീകരിക്കും. ജോലിക്കിടയിൽ സംഭവിച്ച അപകടമരണം ആയതിനാൽ എംപ്ലോയീസ് കോമ്പൻസേഷൻ ആക്ട് പ്രകാരമുള്ള തൊഴിലാളികളുടെ നിയമാനുസൃത ആശ്രിതർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനും നടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.