അരിക്കൊമ്പൻ മിഷൻ: ജനങ്ങൾ സംയമനം പാലിക്കണമെന്ന് വനംമന്ത്രി
ഇടുക്കി ചിന്നക്കനാലിൽ അരി കൊമ്പൻ എന്ന കാട്ടാനയെ ഇന്ന് മയക്കു വെടി വച്ചു പിടികൂടാൻ സാധിക്കാത്ത പ്രശ്നത്തിൽ ജനങ്ങൾ സംയമനം പാലിക്കണം എന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ അഭ്യർത്ഥിച്ചു. ജീവൻ പണയം വച്ചാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിക്കുന്നത്. അവരുടെ മനോബലം ദുർബലപെടുത്തുന്ന രീതിയിൽ പൊതു ജനങ്ങളിൽ നിന്നും പ്രതിഷേധം ഉണ്ടാകരുത് എന്നും മന്ത്രി അഭ്യർഥിച്ചു.
മാസങ്ങളായി ഈ ഉദ്യമത്തിൽ മുഴുകിയിരിക്കുകയാണ്. ഈ സ്ഥലത്തെ ദുർഘടമായ സ്ഥിതി ആ പ്രദേശത്തെ ജനങ്ങൾക്ക് അറിയാവുന്നതാണ്. അരികൊമ്പനെ പിടികൂടാനുള്ള ദൗത്യം നാളെയും തുടരും. ഇതിൽ നിന്നും പിന്നോട്ടില്ല. ഇത്രയും നാൾ കാത്തിരുന്ന പ്രദേശവാസികളും ബന്ധപ്പെട്ടവരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അരികൊമ്പനേ കണ്ടെത്താനാവാതെ മയക്കു വെടി വയ്ക്കാനുള്ള ഇന്നത്തെ ദൗത്യം വനം വകുപ്പ് അവസാനിപ്പിച്ചു. പുലർച്ചെ നാലുമണിക്ക് തുടങ്ങിയ ദൗത്യം 12 മണി വരെയാണ് നീണ്ടു നിന്നത്. എന്നാൽ വനം വകുപ്പ് തിരഞ്ഞ അരികൊമ്പൻ ശങ്കരപണ്ഡിയ മെട്ടിൽ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അതേസമയം ആനയെ കണ്ടെത്തിയാൽ അനുകൂല ഘടകങ്ങൾ പരിശോധിച്ച് ഏറ്റവും അടുത്ത ദിവസം വീണ്ടും ദൗത്യത്തിലേക്ക് കടക്കും.