മനോഹരൻ്റെ മരണകാരണം പൊലീസ് മർദ്ദനം മൂലമാണെന്നാണ് വിശ്വസിക്കുന്നത്; മനോഹരൻ്റെ അമ്മ
മനോഹരൻ്റെ മരണകാരണം പൊലീസ് മർദ്ദനം മൂലമാണെന്നാണ് വിശ്വസിക്കുന്നതെന്ന് മനോഹരൻ്റ അമ്മ. മറ്റ് അസുഖങ്ങളൊന്നും മനോഹരന് ഉണ്ടായിരുന്നില്ല. സംഭവ സ്ഥലത്തുവെച്ച് പൊലീസ് മർദ്ദിച്ചു. രമ എന്ന സ്ത്രീ ഇത് കണ്ടിട്ടുമുണ്ട്. ബത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിച്ചതിലൂടെ സംഭവസ്ഥലത്ത് വെച്ച് അദ്ദേഹം മദ്യപിച്ചിരുന്നില്ല എന്നത് വ്യക്തമായതാണ്. പിന്നെ ജീപ്പിൽ കയറ്റി കൊണ്ടുപോയത് എന്തിനാണെന്നും മനോഹരൻ്റ കുടുംബം ചോദിക്കുന്നു.
തൃപ്പൂണിത്തുറ ഇരുമ്പനം കർഷക കോളനിയിൽ ചാത്തൻവേലിൽ വീട്ടിൽ മനോഹരനാണ് (52) എസ്.ഐയുടെ ക്രൂരതയിൽ മരിച്ചത്. കൈകാണിച്ചു വണ്ടി നിറുത്താതെതന്നെ നിയമലംഘനത്തിന് പിഴ ചുമത്താനുള്ള എല്ലാ സംവിധാനങ്ങളും സംസ്ഥാനത്ത് ഉണ്ടായിരിക്കെയാണ് ബൈക്ക് യാത്രക്കാരനെ പിന്തുടർന്ന് അടിച്ചത്. കുറ്റക്കാരനായ എസ്.ഐ ജിമ്മി ജോസിനെ സസ്പെൻഡ് ചെയ്തെങ്കിലും മനോഹരന്റെ ഉറ്റവരുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും രോഷത്തിന് ഇനിയും ശമനമായില്ല.
വീട്ടിലേക്കെത്താൻ കഷ്ടിച്ച് 50 മീറ്റർ അകലെ വച്ചാണ് പൊലീസ് കൈകാണിച്ചത്. നിറുത്താതെ മുന്നോട്ടുപോയ മനോഹരനെ ജീപ്പിൽ പിന്തുർന്ന് തടഞ്ഞാണ് എസ്.ഐ കരണത്തടിച്ച് ജീപ്പിലേക്ക് വലിച്ചിട്ടത്. മനോഹരനെ ജാമ്യത്തിലെടുക്കാൻ എത്തിയ സുഹൃത്തിനോട് നടന്ന സംഭവങ്ങൾ വിവരിക്കേ, സ്റ്റേഷനിൽ കുഴഞ്ഞുവീണ മനോഹരനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ചേരാനല്ലൂരിലെ സ്പെയർ പാർട്ട് സ്ഥാപനമടച്ച് സുഹൃത്തിനെ കണ്ടു മനോഹരൻ മടങ്ങുമ്പോഴായിരുന്നു ശനിയാഴ്ച രാത്രി 8.45ന് പൊലീസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തത്.
കേരളത്തിൽ പിണറായി വിജയൻ്റെ പൊലീസ് എല്ലാ മര്യാദയും ലംഘിക്കുകയാണെന്നും ജനങ്ങളെ തല്ലിക്കൊല്ലുകയാണെന്നും ബിജെപി നേതാവ് എ.എൻ രാധാകൃഷണൻ ആരോപിച്ചു. പൊലീസ് സംവിധാനം ജനങ്ങൾക്ക് സുരക്ഷിത്വം നൽകുന്നില്ല. കയർ ഊരി വിട്ടതുപോലെയാണ് പൊലീസ് പ്രവർത്തിക്കുന്നത്. കേരളത്തിൽ പെറ്റി രാജ് ആണ് നടപ്പിലാക്കുന്നതെന്നും എ.എൻ രാധാകൃഷണൻ വ്യക്തമാക്കി.