ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന ആരോപണം; അഭിഭാഷകൻ സൈബി ജോസിനെ ചോദ്യം ചെയ്തു
ജഡ്ജിമാർക്ക് നൽകാനെന്ന വ്യാജേന കോഴ വാങ്ങിയ സംഭവത്തിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെ ചോദ്യം ചെയ്ത് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. നാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ പണം ജഡ്ജിമാർക്ക് നൽകിയിട്ടില്ലെന്ന മൊഴി സൈബി ആവർത്തിച്ചു.അതിനിടെ ബാർ അസോസിയേഷൻ പ്രസിഡൻറ് സ്ഥാനത്ത് നിന്ന് സൈബി ജോസിനെ നീക്കം ചെയ്യണമെന്നാവശ്യവുമായി അഭിഭാഷക സംഘടനകൾ രംഗത്തെത്തി.
ജഡ്ജിമാർക്ക് കോഴ നൽകാനെന്ന പേരിൽ അഡ്വ സൈബി ലക്ഷങ്ങൾ വാങ്ങിയെന്നായിരുന്നു ഹൈക്കോടതി വിജിലൻസിൻ്റെ കണ്ടെത്തൽ. സൈബിക്ക് പണം നൽകിയ പീഡനകേസിൽ പ്രതിയായിരുന്ന നിർമ്മാതാവിൽ നിന്ന് പൊലീസ് കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. ഇയാളുടെ മൊഴിയുടെ കൂടി പശ്ചാത്തലത്തിലാണ് ഇന്ന് സിറ്റി പൊലീസ് കമ്മീഷണർ സേതുരാമൻ അഡ്വ സൈബിയെ ചോദ്യം ചെയ്തത്. താൻ വാങ്ങിയത് വക്കീൽ ഫീസാണെന്ന് അഡ്വ സൈബി ജോസ് പൊലീസിനോട് ആവർത്തിച്ചു.ജഡ്ജിമാർക്ക് പണം നൽകിയിട്ടില്ലെന്ന് സൈബി ചോദ്യം ചെയ്യലിൽ പറഞ്ഞു. ഇക്കാര്യത്തിൽ ഉടൻ തന്നെ വിശദമായ റിപ്പോർട്ട് കമ്മീഷണർ ഡിജിപിക്ക് കൈമാറും. അതിനിടെ സൈബിക്കെതിരെ നടപടിയാവശ്യപ്പെട്ട് അഭിഭാഷക സംഘടനകൾ രംഗത്തെത്തി.
ആരോപണം ഗൗരവതരമെന്ന് അഭിഭാഷക പരിഷത്, ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് എന്നി സംഘടന നേതാക്കൾ വ്യക്തമാക്കി. സൈബി ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് ആവശ്യം.