Saturday, October 19, 2024
Kerala

ഇത് സ്റ്റാലിനിസ്റ്റ് റഷ്യയല്ല, കോടിയേരി ആദ്യം കാനത്തിന് മറുപടി നൽകട്ടെ: വി ഡി സതീശൻ

 

എം എൻ കാരശ്ശേരി, സി ആർ നീലകണ്ഠൻ, റഫീഖ് അഹമ്മദ് തുടങ്ങിയ സാംസ്‌കാരിക പ്രവർത്തകർക്കെതിരെ നടക്കുന്നത് സി പി എം സൈബർ ഗുണ്ടായിസമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത് സ്റ്റാലിനിസ്റ്റ് റഷ്യയല്ല. ജനാധിപത്യ കേരളമാണെന്ന് ഓർക്കണമെന്ന് സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എഴുത്തുകാരേയും സാംസ്‌കാരിക, പരിസ്ഥിതി പ്രവർത്തകരേയും കമ്മ്യൂണിസ്റ്റ് സൈബർ ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കാമെന്നാണ് സി പി എം നേതൃത്വം കരുതുന്നത്. നിങ്ങൾക്ക് അതിന് കഴിയില്ലെന്ന് അവരെ ബോധ്യപ്പെടുത്തുകയാണ്. അട്ടപ്പാടിയിലെ മധുവിന്റെ കേസ് സർക്കാർ തിരിഞ്ഞ് നോക്കുന്നില്ല. വർഷങ്ങൾ കഴിഞ്ഞിട്ടും കേസ് കൃത്യമായി അന്വേഷിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ലോകായുക്ത ഓർഡനൻസിൽ സി പി എം നീക്കം നയത്തിന് വിരുദ്ധമാണ്. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കേസിൽ നിന്ന് രക്ഷപ്പെടുത്താനാണ് നിയമം ഭേദഗതി ചെയ്യുന്നത്. നിയമമന്ത്രി ഉയർത്തുന്ന പ്രതിരോധം ദുർബലമാണ്. ന്യായീകര വാദം മാത്രമാണ് കോടിയേരി നടത്തുന്നത്.

കാനം രാജേന്ദ്രൻ വിഷയത്തിൽ ഉയർത്തിയ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് കോടിയേരി ആദ്യം ചെയ്യേണ്ടത്. ലോകായുക്ത എന്നത് കൺകറന്റ് ലിസ്റ്റിൽ വരുന്നതാണ്. സംസ്ഥാനത്തിനും കേന്ദ്രത്തിനും നിയമനിർമാണത്തിന് അവസരമുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.