Sunday, January 5, 2025
Kerala

കൊവിഡ് പ്രതിരോധ വളണ്ടിയർമാരുടെ ടീം വിപുലീകരിക്കും; പി എച്ച് സികളും സി എച്ച് സികളും ഇവനിംഗ് ഒപി പുന:രാരംഭിക്കും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം. ഇതിന്റെ ഭാഗമായി പി എച്ച് സികളും സി എച്ച് സികളും ഇവനിംഗ് ഒപി പുന:രാരംഭിക്കും. കൊവിഡ് പ്രതിരോധ വളണ്ടിയർമാരുടെ ടീമിനെ വിപുലീകരിച്ച് ടീം ക്യാപ്റ്റന്റെ പേരും മൊബൈൽ നമ്പറും തഹസീൽദാരുടെ ഓഫീസ് ജില്ലാ കളക്ടറേറ്റിലെ കണ്ട്രോൾ റൂം തുടങ്ങിയവയ്ക്ക് കൈമാറണം. ടീം അംഗങ്ങൾ മാനദണ്ഡങ്ങൾ പാലിച്ച് ഗൃഹസന്ദർശനം നടത്തണം. തിരുവനന്തപുരത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ പ്രവർത്തകരെയും ഉൾപ്പെടുത്തി യോഗങ്ങൾ ചേരാൻ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം.

പ്രധാന ആശുപത്രികളിൽ ഫ്രന്റ് ഡെസ്ക് സംവിധാനം ആരംഭിക്കണം. ആശുപത്രികളിൽ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾക്ക് ബന്ധപ്പെടാൻ പ്രത്യേക നമ്പർ സജ്ജീകരിക്കണം. കൊവിഡുമായി ബന്ധപ്പെട്ട് മരണാനന്തര ധനസഹായം അർഹതപ്പെട്ടവർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം. തദ്ദേശഭരണസ്ഥാപനങ്ങൾ ഹെൽപ്പ് ഡെസ്ക് ആരംഭിക്കണം. ആംബുലൻസ് ക്രമീകരണം ഉറപ്പുവരുത്തണം. ഡിസിസി, സിഎഫ്എൽടിസി സംവിധാനങ്ങൾ ആവശ്യമെങ്കിൽ ഒരുക്കാൻ സജ്ജമാകണം. തദ്ദേശഭരണസ്ഥാപനങ്ങൾ പൊലീസുമായി ചേർന്ന് പ്രവർത്തിക്കണം. ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകരെ വിന്യസിക്കുമ്പോൾ ഗ്രാമീണ-ആദിവാസി മേഖലകൾക്ക് വേണ്ട പരിഗണന ഉറപ്പുവരുത്തണം. മരുന്ന് ലഭ്യത ഉറപ്പുവരുത്താൻ ഡിഎംഒ തലത്തിൽ ശ്രദ്ധ വേണം.മന്ത്രിമാരായ ജി ആർ അനിൽ, ആന്റണി രാജു, എം എൽ എമാർ, തദ്ദേശ സ്വയംഭരണ പ്രതിനിധികൾ, കളക്ടറേറ്റിലെ ഉദ്യോഗസ്ഥർ, ഡി എം ഒ, ജില്ലയിലെ പൊലീസ് മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *