ഒരു കേസും സി.ബി.ഐക്ക് വിടില്ലെന്ന നിലപാടില്ല; സോളാറിൽ സ്വാഭാവിക നടപടിക്രമം മാത്രം: മുഖ്യമന്ത്രി
ഒരു കേസും സി.ബി.ഐക്ക് വിടില്ല എന്ന നിലപാട് സംസ്ഥാന സർക്കാർ ഒരുഘട്ടത്തിലും എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ ചില കേസുകൾ സംസ്ഥാന സർക്കാർ തന്നെ സി.ബി.ഐക്ക് വിട്ടിട്ടുണ്ട്.
ഏറ്റവും ഒടുവിൽ വാളയാർ കേസ്, കുട്ടികളുടെ മാതാവ് സി.ബി.ഐക്ക് വിടണമെന്ന് സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. അത് സി.ബി.ഐക്ക് വിട്ടു. കസ്റ്റഡി മരണം ഉണ്ടായാൽ ഇവിടെയുള്ള ഏജൻസികൾക്ക് നൽകാതെ സി.ബി.ഐക്ക് വിടുമെന്ന കാര്യം നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്.
സോളാർ കേസിൽ സർക്കാറിന് മറ്റു വഴിയൊന്നുമില്ല. കേസുമായി ബന്ധപ്പെട്ട വനിത, സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സർക്കാറിന് മുന്നിൽ അപേക്ഷ നൽകുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ വേണ്ടത്ര പുരോഗതിയും സംതൃപ്തിയുമില്ല എന്നായിരുന്നു അവരുടെ ആക്ഷേപം.
അവരുടെ പരാതി സർക്കാർ സ്വീകരിച്ചില്ലെങ്കിൽ അത് ന്യായമാകില്ല. വിമർശനങ്ങൾക്ക് ഇടയാക്കും. അവരുടെ ആവശ്യം അംഗീകരിച്ച് കൊടുക്കുകയായിരുന്നു. സ്വാഭവികമായ നടപടിക്രമം മാത്രമാണത്. രാഷ്ട്രീയപരമായ ദുരുദ്ദേശം അതിൽ കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.