സ്‌കൂൾ സമയം നീട്ടുന്നതിൽ തീരുമാനം ഇന്നറിയാം; പ്ലസ് വൺ പരീക്ഷാ ഫലവും ഇന്ന്
സംസ്ഥാനത്തെ സ്‌കൂളുകളുടെ സമയം വൈകുന്നേരം വരെ നീട്ടാനുള്ള വിദ്യാഭ്യാസ വകുപ്പ് ശുപാർശയിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. ഉച്ച വരെയുള്ള ക്ലാസ് കൊണ്ട് പാഠഭാഗം തീരില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സമയം നീട്ടുന്നത്.
പ്ലസ് വണ്ണിന് പുതിയ ബാച്ച് അനുവദിക്കാനും ധാരണയായിട്ടുണ്ട്. സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് ബാച്ച്. തൃശ്ശൂർ, വയനാട്, കണ്ണൂർ ജില്ലകളിലും പുതിയ ബാച്ചുണ്ടാകും.
അതേസമയം പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഒന്നാം വർഷ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലവും ഇന്ന് അറിയാം. 11 മണിയോടെ ഹയർ സെക്കൻഡറി വകുപ്പിന്റെ വെബ്‌സൈറ്റിലൂടെ ഫലം അറിയാനാകും.