‘എപ്പോഴും ഒപ്പമുണ്ടെന്ന് പറയുന്നു, സർക്കാർ ആദ്യം പ്രവർത്തിച്ച് കാണിക്കട്ടെ’യെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ
പാലക്കാട്: എപ്പോഴും ഒപ്പമുണ്ടെന്ന് മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതെന്നും സർക്കാർ പറഞ്ഞ കാര്യങ്ങൾ ആദ്യം പ്രവർത്തിച്ചു കാണിക്കട്ടെയെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ. മന്ത്രി എ കെ ബാലൻ സമരപ്പന്തലിലേക്ക് വരാത്തത് കുറ്റബോധം കൊണ്ടാണെന്നും സർക്കാർ വാക്കുപാലിച്ചാല്‍ മാത്രമേ സമരത്തിൽ നിന്ന് പിന്മാറുവെന്നും പ്രതികരിച്ചു.
വാളയാർ പെണ്‍കുട്ടികള്‍ക്ക് നീതി തേടി രക്ഷിതാക്കൾ വീട്ടിൽ നടത്തുന്ന സത്യാഗ്രഹം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ‘വിധി ദിനം മുതല്‍ ചതി ദിനം വരെ’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മാതാപിതാക്കൾ സമരം നടത്തുന്നത്. വാളയാര്‍ പെണ്‍കുട്ടികളുടെ നീതിനിഷേധത്തിന് ഒരു വര്‍ഷം തികയുന്ന സാഹചര്യത്തിലാണ് വീണ്ടും സമരത്തിന് ആഹ്വാനം ചെയ്തത്.
അതേസമയം വാളയാർ കേസിൽ വീഴ്ച വരുത്തിയത് പ്രോസിക്യൂട്ടർമാരാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് കേസിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ ജലജ മാധവൻ രംഗത്തെത്തി. വാളയാർ കേസിൽ വെറും മൂന്ന് മാസം മാത്രമാണ് താൻ പ്രോസിക്യൂട്ടറായി പ്രവർത്തിച്ചതെന്നും അഭ്യന്തരവകുപ്പ് ഇടപെട്ട് തന്നെ പെട്ടെന്ന് മാറ്റി ലത ജയരാജിനെ പകരം പ്രോസിക്യൂട്ടറായി നിയമിക്കുകയായിരുന്നുവെന്നും ജലജ മാധവൻ ആരോപിച്ചു. പാലക്കാട് ശിശുക്ഷേമസമിതിയുടെ അധ്യക്ഷനാണ് കേസിൽ പ്രതിക്കായി കോടതിയിൽ ഹാജരായത്. ഈ നടപടി താൻ ചോദ്യം ചെയ്തതോടെയാണ് തന്നെ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്നും മാറ്റിയതെന്നും അവര്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.