കടത്ത് സ്വര്‍ണം കവര്‍ച്ച ചെയ്യാന്‍ ശ്രമം; അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍
കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. കണ്ണൂര്‍ പയ്യന്നൂരിനടുത്ത് പെരിങ്ങയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അര്‍ജുന്‍ ആയങ്കിയെ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെത്തിച്ചു. കാരിയറുടെ ഒത്താശയില്‍ കടത്തുകാരെ വെട്ടിച്ച് സ്വര്‍ണം കൊള്ളയടിച്ചുവെന്നാണ് കേസ്. ഈ മാസം 16നായിരുന്നു കേസ് രജിസ്‌ററര്‍ ചെയ്തത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കവര്‍ച്ച ചെയ്യാനെത്തിയ നാലംഗ സംഘത്തെ 16ന് പൊലീസ് പിടികൂടിയിരുന്നു. ഇതില്‍ പരപ്പനങ്ങാടി സ്വദേശികളായ മൊയ്തീന്‍ കോയ, മുഹമ്മദ് അനീസ്, അബ്ദുള്‍ റൗഉഫ്, സുഹൈല്‍ എന്നിവരാണ് ആദ്യഘട്ടത്തില്‍ പിടിയിലായത്. കേസിലെ ആദ്യ പ്രതിയായിരുന്നു അര്‍ജുന്‍ ആയങ്കി.
ജിദ്ദയില്‍ നിന്ന് സ്വര്‍ണവുമായെത്തിയ തിരൂര്‍ സ്വദേശി മഹേഷിന്റെ നിര്‍ദേശ പ്രകാരമായിരുന്നു കവര്‍ച്ചാ സംഘം കരിപ്പൂരിലെത്തിയത്. സ്വര്‍ണം കൈപ്പറ്റാനെത്തുന്നവര്‍ക്ക് സ്വര്‍ണം കൈമാറുന്നതിനിടെയാണ് കവര്‍ച്ച ചെയ്യാന്‍ സംഘം തീരുമാനിച്ചത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ പിടികൂടിയത്.