Thursday, January 9, 2025
Kerala

നിത്യയോപയാഗ സാധനങ്ങളുടെ ജി എസ് ടി; കേന്ദ്രം വ്യക്തത വരുത്തണമെന്ന് ധനമന്ത്രി

നിത്യയോപയാഗ സാധനങ്ങളുടെ ജി എസ് ടിയിൽ കേന്ദ്രം വ്യക്തത വരുത്തണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നിലവിലെ നിയമം ആരും ദുരുപയോഗം ചെയ്യരുത്. കേരളത്തിന്റെ നിലപാട് കൗൺസിൽ വ്യക്തമാക്കി. വലിയ കടകളിലെ ബ്രാൻഡ് ഉത്പന്നങ്ങളെ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. ചില്ലറയായി വിൽക്കുന്നതിന് നികുതി ഏർപ്പെടുത്താൻ പാടില്ലെന്നാണ് നിലപാട്. 5 ശതമാനം നികുതി ഈടാക്കില്ലെന്ന് സർക്കാർ പറഞ്ഞിട്ടില്ല.

75 ശതമാനം കച്ചവട സ്ഥാപനങ്ങളിലും 5 ശതമാനം നികുതി ബാധകമല്ല. കേന്ദ്ര സർക്കാർ കാര്യങ്ങൾ മനസിലാകും എന്നാണ് കരുതുന്നത്. മിൽമ ബ്രാൻഡ് ആണ്. അതുകൊണ്ടാണ് ജി എസ് ടി ഉൾപ്പെടുത്തിയത്. അക്കാര്യത്തിൽ പരിമിതിയുണ്ടെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് വിലക്കയറ്റത്തിന് ഇടയാക്കുന്ന തരത്തിൽ നികുതി ഏർപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.സപ്ലൈകോ, ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ ചില്ലറയായി വിൽകുന്ന സാധനങ്ങൾക്ക് അഞ്ച് ശതമാനം ജി എസ് ടി ഇല്ലെന്ന് മന്ത്രി പറഞ്ഞു.

സ്റ്റോറുകളിൽ ഇന്ന് നേരിട്ടെത്തി പരിശോധിച്ചെന്നും ജീവനക്കാർ ബില്ലുകൾ കാണിച്ചുവെന്നും മന്ത്രി പറഞ്ഞു. വിഷയം ജി എസ് ടി കൗൺസിലുമായി ഇനിയും ചർച്ച നടത്തും. ജി എസ് ടി നടപ്പാക്കില്ല എന്ന് പറയുന്നതിൽ പ്രായോഗിക പ്രശ്നങ്ങൾ ഇല്ല. കേന്ദ്രത്തിന്റെ വിജ്ഞാപനം അതേ പോലെ തന്നെയാണ് കേരളത്തിലും ഇറക്കിയത്. 40 ലക്ഷത്തിന് താഴെ വിറ്റുവരവുള്ള കടകൾ ജി എസ്‌ ടി ചുമത്തിയാൽ ജനത്തിന് പരാതിപ്പെടാമെന്ന് മന്ത്രി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *