കൊവിഡ് ജീവിതം വഴിമുട്ടിച്ചപ്പോൾ ഫോട്ടോഗ്രാഫർ ജോലി ഉപേക്ഷിച്ച് മരച്ചീനി കച്ചവടം ആരംഭിച്ച് യുവാവ്
മാള: കൊവിഡ് ജീവിതം വഴിമുട്ടിച്ചപ്പോൾ ഫോട്ടോഗ്രാഫർ ജോലി ഉപേക്ഷിച്ച് മരച്ചീനി കച്ചവടം ആരംഭിച്ച് യുവാവ് .ചെരിയംപറമ്പില്‍ സൂരജ് ആണ് കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ മരച്ചീനി കച്ചവടത്തിലേക്ക് തിരിഞ്ഞത്. കൊവിഡ് രോഗ ഭീതിയുടെ സാഹചര്യത്തില്‍ വിവാഹ ചടങ്ങുകള്‍ വിരളമായതോടെ ഫോട്ടോഗ്രാഫി വഴിയുള്ള വരുമാനം നിലച്ചു. ഭാര്യയും രണ്ട് കുട്ടികളുമടങ്ങിയ നാലംഗ കുടുംബത്തിന്റെ ജീവിത മാര്‍ഗ്ഗം ഇല്ലാതായതോടെ പുതിയ തൊഴില്‍ കണ്ടെത്തുകയായിരുന്നു സൂരജ്. പൂലാനി മേലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് മരച്ചീനി വില്‍പ്പനക്കായി കൊണ്ടുവരുന്നത്. സുഹൃത്തിന്റെ വാഹനം വാടകക്കെടുത്താണ് കച്ചവടം നടത്തുന്നത്. മരച്ചീനി കടഭാഗത്ത് നിന്നും വേര്‍പ്പെടുത്താതെ വാങ്ങുന്നതിനാല്‍ മൂന്ന് ദിവസം വരെ കേട് കൂടാതെ കച്ചവടം നടത്താന്‍ കഴിയുമെന്ന് സൂരജ് പറയുന്നു. മഴയുള്ള ദിവസങ്ങളില്‍ കച്ചവടം കുറവാണെങ്കിലും മഴയില്ലെങ്കില്‍ ഉച്ചയോടെ മരച്ചീനി വിറ്റ് തീരാറുണ്ട്. കൊവിഡ് സാഹചര്യത്തില്‍ നിലവില്‍ ചെയ്ത് വന്ന തൊഴില്‍ മുടങ്ങിയതോടെ ജീവിക്കാന്‍ മറ്റൊരു തൊഴില്‍ തേടുന്നവര്‍ക്കൊരു മാതൃകയായി തീര്‍ന്നിരിക്കുകയാണ് സൂരജ്.