കേരളത്തിൽ പനി ബാധിതർ കൂടുന്നു; ആശങ്കയായി എച്ച് 1 എന്‍ 1
സംസ്ഥാനത്ത് 15,493 പേർ കൂടി പകർച്ചപനി ബാധിച്ച് ചികിത്സ തേടി. എട്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. മൂന്ന് മരണങ്ങളിൽ ഓരോന്ന് ഡെങ്കി,എലിപ്പനി, എച്ച് 1 എൻ 1 എന്നിവ കാരണമാണെന്ന് കണ്ടെത്തി. ഡെങ്കി,എലിപ്പനി ലക്ഷണങ്ങളുമായുള്ള രണ്ട് വീതവും ജപ്പാൻ ജ്വരമാണെന്ന് സംശയിക്കുന്ന ഒരു മരണവും ഇക്കൂട്ടത്തിലുണ്ട്.
ഡെങ്കിപ്പനി ലക്ഷണങ്ങളുമായി 317 പേരും എലിപ്പനിയ്ക്ക് 11 പേരുമാണ് ചികിത്സ തേടിയത്. 10 പേരാണ് എച്ച് 1എൻ 1 ലക്ഷണങ്ങളുമായി ഇന്നലെ ചികിത്സതേടിയത്. 68 പേർക്ക് ചിക്കൻപോക്‌സും സ്ഥിരീകരിച്ചു.
ഡെങ്കിപ്പനിക്ക് സമാനമായ വിവിധ പനികള്‍ ഈ വര്‍ഷം ജൂണ്‍ 20 വരെ ബാധിച്ചത് 7906 പേര്‍ക്കാണ്. ഇവരില്‍ 22 പേര്‍ മരിച്ചതായും ആരോഗ്യ മന്ത്രിയുടെ കണക്കുകള്‍ വിശദമാക്കുന്നു. 2013ലും 2017ലും ആണ് ഇതിനുമുമ്പ് കേരളത്തിൽ ഡെങ്കി ഔട്ട്ബ്രേക്ക് ഉണ്ടായതെന്നാണ് ആരോഗ്യ മന്ത്രി വിശദമാക്കുന്നത്.
പത്തനംതിട്ടയില്‍ ഇന്ന് രാവിലെ ഒരു പനിമരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. പന്തളം കടയ്ക്കാട് വടക്ക് സ്വദേശി സുരേഷ്കുമാറ്‍ എന്ന 56കാരനാണ് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചത്.