ദുരിതാശ്വാസ നിധി ദുരുപയോഗക്കേസ്: ലോകായുക്തയ്‌ക്കെതിരെ പരാതിക്കാരന്‍ ഹൈക്കോടതിയില്‍
ദുരിതാശ്വാസ നിധി ദുരുപയോഗക്കേസില്‍ ലോകായുക്തക്കെതിരെ പരാതിക്കാരന്‍ ഹൈക്കോടതയില്‍. കേസ് മൂന്നംഗ ബഞ്ചിന് വിട്ട ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള യൂണിവേഴ്‌സിറ്റി മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍എസ് ശശികുമാര്‍ ഹൈക്കോടതയില്‍ ഹര്‍ജി നല്‍കി. ഉത്തരവ് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് ശശികുമാര്‍ നല്‍കിയ ഹര്‍ജി നേരത്തെ ലോകായുക്ത തള്ളിയിരുന്നു.
മുഖ്യമന്ത്രിക്കും ഒന്നാംപിണറായി സര്‍ക്കാരിലെ 16 മന്ത്രിമാര്‍ക്കുമെതിരെയുള്ള ദുരിതാശ്വാസ നിധി ദുരുപയോഗക്കേസ് കഴിഞ്ഞ മാര്‍ച്ചിലാണ് ലോകായുക്ത ഫുള്‍ ബെഞ്ചിന് വിട്ടത്. മന്ത്രിസഭാ തീരുമാനങ്ങള്‍ ലോകായുക്തക്ക് പരിശോധിക്കാനാകുമോ എന്ന കാര്യത്തില്‍ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനും ഉപലോകായുക്ത ഹാറൂണ്‍ അല്‍ റഷീദിനുമിടയില്‍ ഭിന്നാഭിപ്രായമുണ്ടായതിനെ തുടര്‍ന്നായിരുന്നു ഉത്തരവ്. കേസ് ഫുള്‍ ബെഞ്ചിന് വിട്ട ഉത്തരവ് തടയണമെന്നാവശ്യപ്പെട്ടാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ പരാതിക്കാരന്‍ ശശികുമാറിന്റെ ഹര്‍ജി.
മന്ത്രിസഭാ തീരുമാനങ്ങളില്‍ ലോകായുക്തയ്ക്ക് ഇടപെടാമെന്ന് 2019ല്‍ അന്നത്തെ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസിന്റെ വിശാല ബെഞ്ച് വിധിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയ ഹര്‍ജിക്കാരന്‍ കേസില്‍ അന്തിമവിധി പറയാന്‍ ഡിവിഷന്‍ ബെഞ്ചിനോട് തന്നെ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടു. മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം മുഖേന ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിലാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിച്ചേക്കും. കേസ് ഫുള്‍ബഞ്ചിന് വിട്ട ഉത്തരവ് പുനപ്പരിശോധിക്കണമെന്ന ഹര്‍ജി നേരത്തെ ലോകായുക്ത തള്ളിയിരുന്നു. ഹൈക്കോടതിയെ സമീപിക്കാന്‍ സമയം വേണമെന്നാവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് ലോകായുക്ത ഫുള്‍ ബഞ്ച് പരിഗണിക്കുന്നത് നിലവില്‍ ജൂണ്‍ അഞ്ചിലേക്ക് മാറ്റിയിരിക്കുകയാണ്.