Thursday, January 9, 2025
Kerala

കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വില കൂട്ടി വാങ്ങിയാല്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടും; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വില കൂട്ടി വാങ്ങിയാല്‍ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പല സ്ഥാപനങ്ങളും കൂടിയ വിലയ്ക്കാണ് ഇവ വില്‍ക്കുന്നതെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം സ്ഥാപനങ്ങള്‍ കണ്ടെത്തുന്നതിനായി സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ പ്രത്യേക സംഘം എല്ലാ ജില്ലകളിലും പരിശോധന ആരംഭിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു. ഗുണനിലവാരമില്ലാത്ത, കമ്പനികളുടെ പേരോ വിലയോ രേഖപ്പെടുത്തിയിട്ടിലാത്ത പള്‍സ് ഓക്‌സിമീറ്ററുകള്‍ വിപണിയില്‍ നിന്നു വാങ്ങാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

”കോവിഡ് പ്രതിരോധ സാമഗ്രികള്‍ പൊതുവിപണിയില്‍ വില്‍ക്കുന്നതിന് വില നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായിരുന്നു. എന്നാല്‍ മെഡിക്കല്‍ സ്റ്റോറുകള്‍ ഉള്‍പ്പെടെയുളള പല സ്ഥാപനങ്ങളും കൂടിയ വിലയ്ക്കാണ് ഇവ വില്‍ക്കുന്നതെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം നടപടികള്‍ കണ്ടെത്തുന്നതിനായി സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ പ്രത്യേക സംഘം എല്ലാ ജില്ലകളിലും പരിശോധന ആരംഭിച്ചു. സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതുള്‍പ്പെടെയുളള നിയമ നടപടികള്‍ സ്വീകരിക്കാനാണ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.”

”ഗുണനിലവാരമില്ലാത്ത, കമ്പനികളുടെ പേരോ വിലയോ രേഖപ്പെടുത്തിയിട്ടിലാത്ത പള്‍സ് ഓക്‌സിമീറ്ററുകള്‍ വിപണിയില്‍ നിന്നു വാങ്ങാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണം. ശരീരത്തിന്റെ ഓക്‌സിജന്‍ നില കൃത്യമായി മനസ്സിലാക്കേണ്ടത് കോവിഡ് രോഗികളുടെ സുരക്ഷിതത്വത്തിനു അനിവാര്യമാണ്. ഗുണനിലവാരമില്ലാത്ത പള്‍സ് ഓക്‌സിമീറ്ററുകള്‍ നല്‍കുന്ന തെറ്റായ വിവരങ്ങള്‍ രോഗിയെ അപകടപ്പെടുത്താന്‍ സാധ്യതയുണ്ട്. അതുകൊണ്ട് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ഗുണനിലവാരം പരിശോധിച്ച് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്പനികളുടെ പള്‍സ് ഓക്‌സിമീറ്ററുകള്‍ മാത്രം വാങ്ങാന്‍ ശ്രദ്ധിക്കണം. ആ പട്ടിക പൊതുജനങ്ങളുടെ അറിവിലേക്കായി സര്‍ക്കാര്‍ ഉടന്‍ പരസ്യപ്പെടുത്തും.”

ബ്‌ളാക്ക് ഫംഗസ് രോഗത്തിന്റെ ചികിത്സയ്ക്കാവശ്യമായ ആംഫോടെറിസിന്‍ ബി, ലൈപോസോമല്‍ ആംഫോടെറെസിന്‍ ബി എന്നീ മരുന്നുകള്‍ ലഭ്യമാക്കാന്‍ കഴിയുമോ എന്ന് വിദേശത്തുള്ള മലയാളി സംഘടനകളോട് ആരാഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

”മരുന്നു ഉല്‍പാദിക്കുന്ന കമ്പനികളുമായി നേരിട്ട് ബന്ധപ്പെട്ട് മരുന്നുകള്‍ ലഭ്യമാക്കാന്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്താനും ആലോചിക്കുകയാണ്. ലോക്ഡൗണ്‍ കാലയളവില്‍ മാനസികരോഗ ചികിത്സയിലുള്ള രോഗികള്‍ക്കാവശ്യമായ പിന്തുണ ഉറപ്പുവരുത്തുന്നതിനായി സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം 31,520 പേരെ ഫോണില്‍ ബന്ധപ്പെട്ടു. ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി 74,087 കോളുകളും അതിഥി തൊഴിലാളികള്‍ക്കായി 24,690 കോളുകളും ചെയ്തു. ഒറ്റയ്ക്കു കഴിയുന്ന വയോജനങ്ങള്‍ക്ക് വേണ്ട മാനസികവും സാമൂഹികവുമായ പിന്തുണ ഉറപ്പു വരുത്താന്‍ ലോക്ഡൗണ്‍ കാലയളവില്‍ മാത്രം ചെയ്തത് 2,18,563 ഫോണ്‍ കോളുകളാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കാവശ്യമായ മാനസിക പിന്തുണയും ഈ സംവിധാനം വഴി ഉറപ്പുവരുത്തി.”- മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *