Monday, January 6, 2025
Kerala

‘കനലിന്റെ അകത്തേക്ക് പോയിരിക്കാം’, മണിക്കൂറുകൾ പിന്നിട്ടു, മാലിന്യക്കുഴിയിൽ‌ വീണ തൊഴിലാളിയെ കണ്ടെത്താനായില്ല

എറണാകുളം: പെരുമ്പാവൂർ ഓടക്കാലിയിൽ പ്ലൈവുഡ് കമ്പനിയിലെ മാലിന്യക്കുഴിയിൽ വീണ ഇതരസംസ്ഥാന തൊഴിലാളിയെ ഇതുവരെ കണ്ടെത്താനായില്ല. രാവിലെ ഏഴ് മണിക്കാണ് പ്ലൈവുഡ് ഫാക്ടറിയിലെ ഇതരസംസ്ഥാന തൊഴിലാളിയായ കൊല്‍ക്കത്ത നസീർ മാലിന്യം കത്തിക്കുന്ന കുഴിയിൽ വീണത്.

ആറ് ഫയർ എഞ്ചിനുകൾ ചേർന്ന് നടത്തുന്ന രക്ഷാ പ്രവർത്തനം ഏഴ് മണിക്കൂറുകൾ പിന്നിട്ടിട്ടും നസീറിനെ പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. 15 അടി താഴ്ചയിലേക്കാണ് ഇയാൾ വീണിരിക്കുന്നത്. കുഴിയിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് നനക്കാൻ എത്തിയപ്പോളാണ് ഇയാൾ കുഴിയിലേക്ക് വീണുപോയത്. മാലിന്യം ഇളക്കി മാറ്റിയാണ് തിരച്ചിൽ‌ നടത്തുന്നത്.

”ഞങ്ങളിവിടെ എത്തുമ്പോൾ ഒരു മാൻഹോൾ മാത്രമാണ് കണ്ടത്. എന്നാൽ അടിയിൽ വലിയൊരു തീ​ഗോളമായിരുന്നു. വലിയൊരു കിണറിലേക്ക്, കനലിന്റെ അകത്തേക്കാണ് ആൾ പോയിട്ടുണ്ടാകാനാണ് സാധ്യത. ആ സമയം മുതൽ പമ്പിം​ഗ് നടത്തുന്നുണ്ട്. തുടർച്ചയായി വെള്ളമടിച്ചുകൊണ്ടിരിക്കുകയാണ്. പതിനഞ്ച് അടി ചുറ്റളവിൽ ഉള്ള മൊത്തം മാലിന്യങ്ങളും മാറ്റി നോക്കി. ഇതിന് മുമ്പ് ഇവിടെ തീപിടുത്തം ഉണ്ടായതാണ്. ഞങ്ങളിവിടെ മൂന്നാല് ദിവസം ജോലി ചെയ്തിരുന്നു. അന്ന് തീ പൂർണ്ണമായും അണച്ചാണ് ഇവിടെ നിന്ന് പോയത്. എന്നാൽ പിന്നീട് വീണ്ടും തീ കത്തുകയും അതൊരു കനലായി രൂപപ്പെടുകയും ചെയ്തതായിരിക്കാം.’ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുബ്രഹ്മണ്യൻ പറഞ്ഞു. കൊൽക്കത്ത സ്വദേശിയായ നസീർ ഇവിടെ താത്ക്കാലികമായി ജോലിക്ക് വന്ന തൊഴിലാളിയാണ്.

Leave a Reply

Your email address will not be published. Required fields are marked *