Monday, January 6, 2025
Kerala

ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ 9 വര്‍ഷത്തിന് ശേഷം വിധി; മൂന്ന് പ്രതികള്‍ക്ക് തടവുശിക്ഷ

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മൂന്ന് പ്രതികള്‍ക്ക് തടവ് ശിക്ഷ. 88 ആം പ്രതി ദീപകിന് മൂന്ന് വര്‍ഷം കഠിന തടവും, 80 ആം പ്രതി സി.ഒ.ടി നസീര്‍, 99 ആം പ്രതി ബിജു പറമ്പത്ത് എന്നിവര്‍ക്ക് രണ്ട് വര്‍ഷവുമാണ് തടവ്. കണ്ണൂര്‍ സെഷന്‍സ് സബ് ജഡ്ജ് രാജീവന്‍ വാച്ചാലാണ് വിധി പറഞ്ഞത്.

കേസില്‍ ഒമ്പത് വര്‍ഷത്തിന് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. കേസില്‍ 80 ആം പ്രതി സി ഒ ടി നസീര്‍, 99 ആം പ്രതി ബിജു പറമ്പത്ത് തുടങ്ങിയവര്‍ക്ക് പിഡിപിപി ആക്ട് പ്രകാരം രണ്ട് വര്‍ഷം തടവും പതിനായിരം രൂപ പിഴയും, 88 ആം പ്രതി ദീപകിന് പിഡിപിപി യോടൊപ്പം ഐപിസി 324 വകുപ്പ് പ്രകാരം മൂന്ന് വര്‍ഷം കഠിന തടവുമാണ് കോടതി വിധിച്ചത്. മുന്‍ എം.എല്‍.എ മാരായ സി.കൃഷ്ണന്‍, കെ.കെ നാരായണന്‍, സിപിഐഎം നേതാക്കളായ ബിജു കണ്ടക്കൈ, ബിനോയ് കുര്യന്‍ ഉള്‍പ്പടെ 114 പേരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ നാല് പേര്‍ മരണപ്പെടുകയും 107 പേരെ കോടതി വെറുതേ വിടുകയും ചെയ്തു.

കേസില്‍ വധശ്രമവും ഗൂഢാലോചനക്കുറ്റവും നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2013 ഒക്ടോബര്‍ 27നാണ് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ സംസ്ഥാന പൊലീസ് അത്‌ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ ഉമ്മന്‍ചാണ്ടിക്കു നേരെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞത്. കേസില്‍ 256 സാക്ഷികളില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരടക്കം 128 പേരെ വിസ്തരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *