നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല; വൈകാരിക പോസ്റ്റുമായി മോഹൻലാൽ
മലയാളികളുടെ പ്രിയപ്പെട്ട നടൻ ഇന്നസെൻ്റിനെ ഓർമിച്ച് മോഹൻലാൽ. നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല എന്ന് മോഹൻലാൽ പറഞ്ഞു. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എൻ്റെ ഇന്നസെൻ്റ് എന്നും കൂടെത്തന്നെ ഉണ്ടാവും എന്നും വളരെ വൈകാരികതയോടെ മോഹൻലാൽ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
മോഹൻലാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ് … ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എൻ്റെ ഇന്നസെൻ്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണും…