ലൈഫ് മിഷൻ കോഴ; സന്തോഷ് ഈപ്പന് ജാമ്യം, എം. ശിവശങ്കർ ഇപ്പോഴും റിമാന്റിൽ
ലൈഫ് മിഷൻ കോഴക്കേസിൽ ഒന്നാം പ്രതിയായ സന്തോഷ് ഈപ്പന് ജാമ്യം. കലൂർ പി എം എൽ എ കോടതിയാണ് ജാമ്യം അനുവദിച്ചത്.ഒരു ലക്ഷം രൂപ ബോണ്ടിൻമേലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്ത് 7 ദിവസത്തിന് ശേഷമാണ് സന്തോഷ് ഈപ്പൻ പുറത്തിറങ്ങുന്നത്. അതേ സമയം കേസിൽ നേരത്തെ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഇപ്പോഴും റിമാന്റിൽ തുടരുകയാണ്.
ലൈഫ് മിഷൻ കേസിൽ നാലര കോടി രൂപ കൈക്കൂലി നൽകിയെന്ന് കണ്ടത്തിയതിനെ തുടർന്നാണ് സന്തോഷ് ഈപ്പൻ്റെ അറസ്റ്റെന്നായിരുന്നു എൻഫോഴ്സ്മെൻറ് ഡയറക്ടേറ്റ് കോടതിയിൽ അറിയിച്ചിരുന്നത്. സന്തോഷ് ഈപ്പനെ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിൻ്റെ ഭാഗമായി മൂന്ന് ദിവസം കസ്റ്റഡിയിൽ വാങ്ങിയും ഇ ഡി ചോദ്യം ചെയ്തിരുന്നു.
നേരത്തെ ഇനി നാല് ദിവസം കൂടി സന്തോഷ് ഈപ്പനെ കസ്റ്റഡിയിൽ വേണമെന്ന നിലപാടെടുത്ത ഇഡി പക്ഷെ ഇന്ന് ഇയാളുടെ ജാമ്യാപേക്ഷയെ എതിർത്തില്ല. ഈ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെച്ചാണ് യൂണിടാക് ഡയറക്ടർ സന്തോഷ് ഈപ്പൻ ജാമ്യം നേടിയിരിക്കുന്നത്.