കോഴിക്കോട്ട് പീഡനത്തിനിരയായ യുവതിയുടെ മൊഴിമാറ്റാൻ ശ്രമിച്ച കേസ്; പ്രതികളെ പിടികൂടാനാവാതെ പൊലീസ്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പീഡനത്തിനിരയായ യുവതിയുടെ മൊഴിമാറ്റാൻ ശ്രമിച്ച കേസിലെ പ്രതികളെ പിടികൂടാനാവാതെ പൊലീസ്. തുടർച്ചയായ ദിവസങ്ങളിൽ ഇവരെ അന്വേഷിച്ച് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണ് പൊലീസ് വിശദീകരണം. പ്രതികളുമായി അടുപ്പമുളളവരെ ഉൾപ്പെടുത്തി പുതിയ അന്വേഷണ സമിതിയെ നിയോഗിക്കാൻ ആരോഗ്യവകുപ്പ് നീക്കം നടത്തുന്നതായും വിവരമുണ്ട്.
ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കായി അതിജീവിതയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തിയ നഴ്സിംഗ് അസി. ഉൾപ്പെടെയുളളവർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസ്സെടുത്തെങ്കിലും അഞ്ചുപേരും ഒളിവിലെന്നാണ് പൊലീസ് വിശദീകരണം. കഴിഞ്ഞദിവസവും ഇവരെ അന്വേഷിച്ച് വീടുകളിൽ ചെന്നെങ്കിലും കണ്ടെത്താനായില്ല. അഞ്ചുപേരെയും അന്വേഷണ വിധേയയമായി സസ്പെന്റ് ചെ്യതെങ്കിലും നോട്ടീസ് നൽകലുൾപ്പെടെയുളള തുടർ നടപടികളൊന്നും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടില്ല. ഇടത് സംഘടനാ പ്രവർത്തകരായ പ്രതികളെ സംരക്ഷിക്കാനാണ് നീക്കമെന്നും ഇവർക്ക് അനുകൂല റിപ്പോർട്ട് തയ്യാറാക്കാൻ പുതിയ ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിക്കാൻ നീക്കം നടക്കുന്നെന്നും ആരോപണമുണ്ട്. പ്രതികളിലൊരാൾ സിപിഎം പോഷക സംഘടനയായ ജനാധിപത്യ മഹിള അസോസിയേഷൻ പ്രവർത്തക കൂടിയാണ്. ഇവർ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് വിവരം
പ്രതിയെ തിരിച്ചറിയാൻ നിർണായക മൊഴിനൽകിയ നഴ്സിംഗ് ഓഫീസറെ എൻജിഒ യൂണിയൻ നേതാക്കൾ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലും നടപടിയൊന്നുമായില്ല. വെളളിയാഴ്ച ഇവർ സൂപ്രണ്ടിന് നൽകിയ പരാതി, പ്രിൻസിപ്പാളിന് കൈമാറുക മാത്രമാണ് ചെയ്തത്. ഗൗരമേറിയ പരാതിയായിട്ടുപോലും തത്ക്കാലം പൊലീസിന് കൈമാറേണ്ടതില്ലെന്നാണ് മെഡി. കോളേജ് അധികൃതരുടെ നിലപാട്. വ്യാജ ആരോപണമെന്നും കോൺഗ്രസ് അനുകൂലിയായ നഴ്സിംഗ് ഓഫീസറുടെ പരാതി രാഷ്ട്രീയ ലക്ഷ്യം വച്ചെന്നും എൻജിഒ യൂണിയൻ ആരോപിക്കുന്നു.