മെഡിക്കല്‍ കോളജില്‍ പീഡനത്തിനിരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമം; അഞ്ച് പേര്‍ക്കെതിരെ കേസ്
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പീഡനത്തിനിരയായ അതിജീവിതയെ സ്വാധീനിച്ച് മൊഴി തിരുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ആശുപത്രി ജീവനക്കാരായ അഞ്ച് സ്ത്രീകള്‍ക്കെതിരെയാണ് കേസെടുത്തത്. സാക്ഷിയെ സ്വാധീനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഒരു നഴ്‌സിംഗ് അസിസ്റ്റന്റ്, ഒരു ഗ്രേഡ് 2 അറ്റന്‍ഡര്‍, മൂന്ന് ഗ്രേഡ് 1 അറ്റന്‍ഡര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സാക്ഷിയെ സ്വാധീനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ ഇവര്‍ക്കെതിരെ ആശുപത്രിയുടെ ഭാഗത്തു നിന്നുള്ള വകുപ്പുതല നടപടിക്ക് ശേഷം അറസ്റ്റ് ഉണ്ടാകും. പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കേസില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയതായും ആരോഗ്യ മന്ത്രി പറഞ്ഞു.
ഇതിനിടെ പീഡനക്കേസ് പ്രതി സിപിഐഎം പ്രവര്‍ത്തകനാണെന്ന ആരോപണവുമായി വി.ഡി.സതീശന്‍ രംഗത്തെത്തി. പ്രതിയെ രക്ഷിക്കാന്‍ നീക്കം നടക്കുന്നതായും സതീശന്‍ ആരോപിച്ചു. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുന്ന ഇരയെ ഔദ്യോഗിക വേഷത്തിലെത്തിയ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്നും പണം വാഗ്ദാനം ചെയ്‌തെന്നും യുവതിയുടെ ഭര്‍ത്താവ് ഇന്നലെയാണ് പരാതിപ്പെട്ടത്.