Tuesday, January 7, 2025
Kerala

ഏപ്രില്‍ ഒന്നുമുതല്‍ ദിവസവും 2.50 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്;45 ദിവസം കൊണ്ട് ലക്ഷ്യം കൈവരിക്കും

സംസ്ഥാനത്തെ കോവിഡ് വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം വിലയിരുത്തി. ഏപ്രില്‍ 1 മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിനേഷന്‍ നല്‍കുവാനുള്ള ഒരുക്കങ്ങളാണ് യോഗത്തില്‍ വിലയിരുത്തിയത്. കൂടുതല്‍ ആള്‍ക്കാര്‍ക്ക് വാക്സിന്‍ നല്‍കുന്നതിന്റെ ഭാഗമായി വിപുലമായ സംവിധാനങ്ങളാണ് വാക്സിനേഷനായി ഒരുക്കുന്നത്. ഒരു ദിവസം 2.50 ലക്ഷം ആള്‍ക്കാര്‍ക്ക് എന്ന തോതില്‍ 45 ദിവസം കൊണ്ട് വാക്സിനേഷന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഇതിനായി കൂടുതല്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കുന്നതാണ്.

വാക്സിനേഷന്‍ കേന്ദ്രത്തിലെത്തി വാക്സിന്‍ സ്വീകരിക്കുവാന്‍ പൊതുജനങ്ങള്‍ തയാറാകണമെന്ന് ആരോഗ്യ വകുപ്പ് അഭ്യര്‍ത്ഥിച്ചു. 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരും ലഭ്യമാകുന്ന ആദ്യ അവസരത്തില്‍ തന്നെ വാക്സിന്‍ സ്വീകരിച്ച് സുരക്ഷിതരാകണം. തെരഞ്ഞെടുപ്പ്, ഉത്സവം, പൊതു പരീക്ഷകള്‍ തുടങ്ങിയവ വരുന്ന സാഹചര്യത്തില്‍ വാക്സിന്‍ സ്വീകരിച്ച് സുരക്ഷിതരാകേണ്ടത് വളരെ അത്യാവശ്യമാണ്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശ പ്രകാരം കോവിഷീല്‍ഡ് വാക്സിന്‍ ആദ്യ ഡോസായി എടുത്തിട്ടുള്ളവര്‍ രണ്ടാം ഡോസ് ആദ്യ ഡോസ് എടുത്ത് കഴിഞ്ഞ് 42 ദിവസം മുതല്‍ 56 ദിവസത്തിനുള്ളില്‍ എടുക്കണം. കോവാക്സിന്‍ ആദ്യ ഡോസായി എടുത്തിട്ടുള്ളവര്‍, ആദ്യഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞ് 42 ദിവസത്തിനുള്ളില്‍ രണ്ടാം ഡോസ് സ്വീകരിക്കണം

 

 

Leave a Reply

Your email address will not be published. Required fields are marked *