Wednesday, April 9, 2025
Kerala

പ്രതിപക്ഷത്തിന്റെ ജോലി ഗവര്‍ണര്‍ ഏറ്റെടുക്കേണ്ടതില്ല; സര്‍ക്കാര്‍-ഗവര്‍ണര്‍ ഒത്തുകളി ആവര്‍ത്തിച്ച് വി.ഡി സതീശന്‍

സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഒത്തുകളിയെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗവര്‍ണറെ കൊണ്ട് നയപ്രഖ്യാപനം വായിപ്പിക്കില്ലെന്ന് വരെ പറഞ്ഞ സര്‍ക്കാരാണ് ഗവര്‍ണറുമായി ധാരണയിലെത്തിയത്. ഇവര്‍ തമ്മില്‍ നല്ല ഇടപെടലുകളും ധാരണകളുമുണ്ട്. സര്‍ക്കാര്‍ ഗവര്‍ണറുമായി ചേര്‍ന്ന് പരസ്പരം കൊടുക്കല്‍ വാങ്ങല്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

‘ഗവര്‍ണറോട് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഞങ്ങളാരും പറഞ്ഞിട്ടില്ല. പ്രതിപക്ഷത്തിന്റെ ജോലി ഞങ്ങള്‍ ചെയ്‌തോളാം. അത് ഗവര്‍ണര്‍ ഏറ്റെടുക്കേണ്ടതില്ല. നിയമനിര്‍മാണം ഉള്‍പ്പെടെ സര്‍ക്കാര്‍ ചെയ്യുന്ന തെറ്റായ കാര്യങ്ങളെയാണ് ഞങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഗവര്‍ണറുടെയോ സര്‍ക്കാരിന്റെ പക്ഷം ഞങ്ങള്‍ പിടിക്കില്ല. ഇരുവരും ഒത്തുകളിക്കുകയാണെന്നാണ് അന്നും ഇന്നും ഞങ്ങള്‍ പറയുന്നത്. നയപ്രഖ്യാപനം കഴിഞ്ഞതോടെ അത് ജനങ്ങള്‍ക്കും മനസിലായി’. വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കാന്‍ താന്‍ പ്രതിപക്ഷ നേതാവല്ലെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. വിമര്‍ശിച്ചത് ഭരണഘടന വിരുദ്ധമായ കാര്യങ്ങളെ മാത്രമാണ്. പല മേഖലകളിലും സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

ആരോഗ്യം സാമൂഹിക ക്ഷേമ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തിവരുന്നു. സര്‍ക്കാരിനെതിരെ താന്‍ സംസാരിക്കുമെന്ന് ആരും കരുതേണ്ടെന്നും, ഇത് എന്റെ കൂടി സര്‍ക്കാരെന്നും ഗവര്‍ണര്‍ പറഞ്ഞു.സര്‍ക്കാരിന് പ്രശ്നമുണ്ടാക്കണമെന്ന് താത്പര്യമില്ല. നിയമം നിര്‍മിക്കാനുള്ള സര്‍ക്കാരിന്റെ അവകാശത്തെ ചോദ്യംചെയ്യുന്നില്ല. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതില്‍ പ്രശ്‌നമില്ല. സര്‍വകലാശാലാ ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാന്‍ തീരുമാനിച്ചത് ഭരണഘടനാ ബാധ്യതയനുസരിച്ചാണ്.

സമവര്‍ത്തി പട്ടികയില്‍ ഉള്‍പ്പെട്ടതാണ് വിദ്യാഭ്യാസം. അവിടെ നിയമം കൊണ്ടുവരുമ്പോള്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചചെയ്യണം. വിദ്യാഭ്യാസം സമവര്‍ത്തി പട്ടികയില്‍ അല്ലായിരുന്നെങ്കില്‍ ഉടന്‍തന്നെ ഒപ്പുവച്ചേനെ. സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമട്ടലിന് സമയവുമില്ല. ഭരണഘടനയും നിയമവും അനുസരിച്ച് സര്‍ക്കാരിന്റെ പ്രവര്‍ത്തനം മുന്നോട്ടുപോകുന്നുവെന്ന് ഉറപ്പാക്കുക മാത്രമാണ് തന്റെ ജോലിയെന്നും ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *