പത്തനംതിട്ടയില്‍ നിയന്ത്രണം വിട്ട ലോറി ബസിന് മുകളിലേക്ക് ഇടിച്ചുമറിഞ്ഞു; 20 പേര്‍ക്ക് പരുക്ക്
പത്തനംതിട്ട കൈപ്പട്ടൂരില്‍ ബസും കോണ്‍ക്രീറ്റ് മിക്‌സര്‍ ലോറിയും കൂട്ടിയിടിച്ച് വന്‍ അപകടം. 20ഓളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ലോറി ഡ്രൈവറുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. ലോറി നിയന്ത്രണം വിട്ട് ബസിന് മുകളിലേക്ക് മറിയുകയായിരുന്നു.
ലോറി അമിത വേഗത്തിലായിരുന്നുവെന്നാണ് പുറത്തെത്തിയ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. ലോറി നിയന്ത്രണം വിട്ട് ബസിന് മുകളിലേക്ക് പാഞ്ഞുകയറി ഇരുവാഹനങ്ങളും മറിയുകയായിരുന്നു. ബസുമായി കൂട്ടിയിടിക്കുന്നതിന് മുന്‍പ് തന്നെ ലോറിയുടെ നിയന്ത്രണം വിട്ട് വാഹനം ഒരുവശം ചരിഞ്ഞ് നീങ്ങുകയായിരുന്നു.
ലോറിയെത്തുമ്പോഴേക്കും ബസ് ബ്രേക്ക് ചെയ്ത് നിര്‍ത്തിയിരുന്നുവെങ്കിലും ബസിന് മുകളിലേക്ക് നിയന്ത്രണം വിട്ട ലോറി ഇടിച്ചുകയറുകയായിരുന്നു. സംഭവസ്ഥലത്തുള്ള ഒരു കുരിശുപള്ളിയിലെ സിസിടിവിയിലാണ് അപകടദൃശ്യങ്ങള്‍ പതിഞ്ഞത്. ബസ് ബ്രേക്ക് ചെയ്തില്ലായിരുന്നുവെങ്കില്‍ അപകടത്തിന്റെ തീവ്രത വര്‍ധിച്ചേനെയെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.