ഐ.എസ്.ആർ.ഒ ഗൂഢാലോചന കേസ്; പ്രതികളായ മുൻ പൊലീസ്- ഐ.ബി ഉദ്യോഗസ്ഥർ ഇന്ന് സിബിഐയ്ക്ക് മുൻപിൽ ഹാജരാകണം
ഐ.എസ്.ആർ.ഒ ഗൂഢാലോചന കേസിൽ പ്രതികളായ മുൻ പൊലീസ്- ഐ.ബി ഉദ്യോഗസ്ഥർ ഇന്ന് സിബിഐയ്ക്ക് മുൻപാകെ ഹാജരാകണം. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. കേസിൽ ഒന്നാം പ്രതിയായ എസ്. വിജയൻ, തമ്പി എസ് ദുർഗാ ദത്ത്, മുൻ ഐബി ഉദ്യോഗസ്ഥൻ പി.എസ് ജയപ്രകാശ്, മുൻ ഡി.ജി.പി സിബി മാത്യൂസ്, ആർ.ബി ശ്രീകുമാർ, വി.കെ മെയ്നി
എന്നിവരോടാണ് ജാമ്യ ഉപാധിയായി ചോദ്യം ചെയ്യലിന് ഹാജരാകാൻ കോടതി നിർദേശിച്ചത്. രാവിലെ 10 നും 11നുമിടയിലാണ് ഹാജരാകേണ്ടത്. അറസ്റ്റ് രേഖപ്പെടുത്തിയാൽ ഉപാധികളോടെ വിട്ടയക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ക്രയോജനിക് സാങ്കേതിക വിദ്യ തകർക്കാൻ വിദേശ ശക്തികളുമായി പ്രതികൾ ഗൂഢാലോചന നടത്തി സൃഷ്ടിച്ചതാണ് ചാരക്കേസ് എന്നാണ് സി.ബി.ഐ എഫ്.ഐ.ആർ. എന്നാൽ ആരോപണത്തിന് പിൻബലമേകുന്ന രേഖകൾ സി.ബി.ഐക്ക് ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് കോടതി നിരീക്ഷണം. വിദേശ ശക്തിയുടെ ഇടപെടൽ തെളിയിക്കാൻ കഴിഞ്ഞില്ലെന്നും ജാമ്യം അനുവദിച്ചുള്ള ഉത്തരവിലെ പരാമർശവും സി.ബി.ഐക്ക് തിരിച്ചടിയാണ്.