ജാഡോ യാത്രയുടെ സുരക്ഷ പിന്‍വലിച്ചതിന്റെ കാരണം വ്യക്തമാക്കണം; ആരാണ് ഇതിന് ഉത്തരവിട്ടതെന്ന് കെ.സി വേണുഗോപാല്‍
ഭാരത് ജോഡോ യാത്രയിലെ സുരക്ഷാ വീഴ്ചയില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ലഫ്‌നന്റ് ഗവര്‍ണറെ നേരിട്ട് കണ്ടപ്പോള്‍ എല്ലാ സുരക്ഷയും വാഗ്ദാനം ചെയ്തിരുന്നു. ആരാണ് സുരക്ഷ പിന്‍വലിക്കണമെന്ന് ഉത്തരവിട്ടത്? കാശ്മീര്‍ താഴ്വരയില്‍ എത്തിയപ്പോള്‍ സുരക്ഷ പിന്‍വലിച്ചതിന്റെ കാരണം വ്യക്തമാക്കണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ഈ വീഴ്ചയ്ക്ക് ഉത്തരവാദികളായവര്‍ മറുപടി പറയുകയും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളണമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താത്ക്കാലികമായി കോണ്‍ഗ്രസ് നിര്‍ത്തിവച്ചിരിക്കുകയാണ്. രാഹുലിന്റേയും ഒപ്പമുള്ളവരുടേയും സുരക്ഷ ഉറപ്പാക്കാത്തതുകൊണ്ടാണ് തീരുമാനം. സുരക്ഷാ ചുമതലയിലുള്ള സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പിന്മാറിയ പശ്ചാത്തലത്തിലാണ് ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചിരിക്കുന്നത്.
സുരക്ഷ നല്‍കുന്നുണ്ടെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന പരാതിയാണ് തങ്ങള്‍ കോണ്‍ഗ്രസിനെ അറിയിച്ചതെന്നുമാണ് സിആര്‍പിഎഫിന്റെ വിശദീകരണം. രാവിലെ ജമ്മുവില്‍ നിന്ന് യാത്ര തുടങ്ങി ബനിഹാല്‍ ടവറില്‍ വച്ച് സുരക്ഷ പിന്‍വലിച്ചെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. രാഹുല്‍ ഗാന്ധിയെ നിലവില്‍ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറ്റിയിരിക്കുകയാണ്. മതിയായ സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രം കശ്മീരിലൂടെ യാത്ര നടത്തിയാല്‍ മതിയെന്നാണ് കോണ്‍ഗ്രസ് തീരുമാനം.