സംതൃപ്തരായ സംസ്ഥാനങ്ങളും ശക്തമായ കേന്ദ്രവുമാണ് യഥാർത്ഥ ഫെഡറൽ സങ്കൽപ്പം’: പിണറായി വിജയൻ
ഭരണഘടനാ ദിനത്തിൽ കേന്ദ്രത്തെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംതൃപ്തരായ സംസ്ഥാനങ്ങളും ശക്തമായ കേന്ദ്രവുമാണ് യഥാർത്ഥ ഫെഡറൽ സങ്കൽപ്പം. തെരെഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ സമ്മർദത്തിലാക്കാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. വെല്ലുവിളികളെ പ്രതിരോധിക്കണം. ഭരണഘടനാ തത്വങ്ങളും മൂല്യങ്ങളും കാത്തുസൂക്ഷിക്കണം.
രാജ്യത്ത് മതനിരപേക്ഷ, ജനാധിപത്യ, ഫെഡറൽ മൂല്യങ്ങൾ കനത്ത വെല്ലുവിളി നേരിടുകയാണ്. പൗരത്വം മതാടിസ്ഥാനത്തിലാക്കാനുള്ള നീക്കങ്ങളും ഉണ്ടാവുന്നു. സമ്പദ്ഘടനയുടെ കൂറ്റൻ തൂണുകളാകണമെന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി വിറ്റഴിക്കപ്പെടുനെന്നും മുഖ്യമന്ത്രി പറഞ്ഞു .
ഭൂപരിഷ്കരണത്തിനും സാമ്പത്തിക സമത്വത്തിനും വേണ്ടിയുള്ളതും തൊട്ടുകൂടായ്മയ്ക്കും തീണ്ടിക്കൂടായ്മയ്ക്കും എതിരെയുള്ളതുമായ വിവിധ പോരാട്ടങ്ങൾ രാജ്യത്തിൻറെ നാനാഭാഗങ്ങളിൽ സ്വാതന്ത്ര്യത്തിനുശേഷം തുടരുകയാണ്. ജനങ്ങൾ ജനങ്ങൾക്കായി നൽകിയ ഭരണഘടന അവർ തന്നെ സംരക്ഷിക്കേണ്ട പോരാട്ടങ്ങളിലാണ് ജനങ്ങളും അവർക്ക് നേതൃത്വം നൽകുന്ന ബഹുജനപ്രസ്ഥാനങ്ങളും ഏർപ്പെട്ടിട്ടുള്ളത്.
തൊഴിലെടുക്കുന്നവരുടെ അവകാശങ്ങൾ കവർന്നെടുക്കപ്പെടുന്നു. ഭരണഘടനയുടെ നിർദ്ദേശക ഉന്നതവിദ്യാഭ്യാസ മേഖലയിൽ മതനിരപേക്ഷ തത്വങ്ങൾ അട്ടിമറിക്കപ്പെടുന്നു. തത്വങ്ങൾക്ക് കടകവിരുദ്ധമായ നയപരിപാടികൾ പ്രത്യക്ഷമായും പരോക്ഷമായും നടപ്പാക്കുന്നു. ഇവയെല്ലാം നിയമപരമായും പൊതുമണ്ഡലങ്ങളിലെ പ്രതിഷേധങ്ങളിലൂടെയും എതിർക്കപ്പെടുന്നുണ്ട്.
ഉന്നതവിദ്യാഭ്യാസരംഗത്ത് ശാസ്ത്ര അവബോധം തർക്കാനുള്ള പരീക്ഷണങ്ങളാണ് നടക്കുന്നത്. ശാസ്ത്ര അവബോധ നിർമ്മിതി ഭരണഘടനയുടെ അടിസ്ഥാന കടമകളിലൊന്നാണ്. അതാണ് തൃണവൽഗണിക്കപ്പെടുന്നത്. സംതൃപ്തമായ സംസ്ഥാനങ്ങളും ശക്തമായ കേന്ദ്രവും ചലിക്കുന്ന തദ്ദേശസർക്കാരുകളും എന്ന യഥാർഥ ഫെഡറൽ സങ്കൽപ്പം സാർഥകമാകാൻ കടമ്പകൾ സൃഷ്ടിക്കപ്പെടുന്നു എന്നതും ഭരണഘടന നേരിടുന്ന വലിയ വെല്ലുവിളിയാണ്.
ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകൾ രാജ്യത്തിൻറെ വികസന യജ്ഞത്തിൽ കേന്ദ്ര സർക്കാരുമായി തുല്യപങ്കാളിത്തം വഹിക്കേണ്ടവയാണെന്ന അടിസ്ഥാന ജനാധിപത്യ തത്വം വിസ്മരിക്കപ്പെടുകയാണ്. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ സമ്മർദ്ദത്തിലാക്കാൻ ഉയർന്ന ഭരണഘടനാ പദവികൾ വഹിക്കുന്നവർ പോലും ഉപയോഗിക്കപ്പെടുന്നു എന്നതും ഈ ഭരണഘടനാ ദിനത്തിന്റെ ഉത്കണ്ഠകളിൽ ഒന്നാണ്.
ഭരണഘടന അംഗീകരിക്കപ്പെട്ടതിൻറെ 73-ാം വാർഷികത്തിലും നേരിടുന്ന വെല്ലുവിളികൾ നിസ്സാരമല്ല. അത്തരം വെല്ലുവിളികളെ പ്രതിരോധിക്കാനും ഭരണഘടനാ മൂല്യങ്ങളും തത്വങ്ങളും കാത്തുസൂക്ഷിക്കാനും സംരക്ഷിക്കാനും നാം പ്രതിജ്ഞ പുതുക്കേണ്ട സന്ദർഭം കൂടിയാണ് ഈ ദിനമെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.