സംസ്ഥാനത്തെ ചൈൽഡ്‌ലൈൻ കരാർ പ്രകാരമുള്ള ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് മൂന്ന് മാസം
സംസ്ഥാനത്തെ ചൈൽഡ്‌ലൈൻ കരാർ പ്രകാരമുള്ള ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് മൂന്ന് മാസം പിന്നിടുന്നു.എൻ.ജി.ഒകൾ സാമ്പത്തിക പിന്തുണ നൽകാത്തതാണ് ശബളം മുടങ്ങാൻ കാരണം. ഈ മാസം 30 നകം ശമ്പളം നൽകിയില്ലെങ്കിൽ ഫീൽഡ് സന്ദർശനം ബഹിഷ്‌ക്കരിക്കാനാണ് ജീവനക്കാരുടെ തീരുമാനം.
ഒരു ജില്ലയിൽ 4 എൻജിഒകളുടെ എങ്കിലും പിന്തുണയോടെയാണ് ചൈൽഡ്‌ലൈൻ സംവിധാനം പ്രവർത്തിക്കുന്നത്. മിക്ക ജില്ലകളിലും എൻജിഒകൾ പൂർണ മായോ ഭാഗികമായോ സാമ്പത്തിക സഹായം നൽകുന്നത് അവസാനിപ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണം. നിലവിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഓരോ കേസുകൾക്കും സ്വയം പണം കണ്ടെത്തേണ്ട അവസ്ഥയിലാണ് ജീവനക്കാർ. ഒട്ടേറെപ്പേർ ഇതിനിടെ ജോലി ഉപേക്ഷിക്കുകയും ചെയ്തു.
കേന്ദ്രസർക്കാർ ചൈൽഡ് ലൈൻ ഇന്ത്യ ഫൗണ്ടേഷനുമായും , തിരഞ്ഞെടുക്കപ്പെട്ട എൻജി കളുമായും ഉണ്ടാക്കിയ കരാർ പ്രകാരം എൻജിഒകളിൽ നിന്ന് മുൻകൂർ ഫണ്ട് സ്വീകരിക്കുകയും കേന്ദ്ര ഫണ്ട് വരുമ്പോൾ ആ തുക തിരികെ നൽകുകയും ചെയ്യുന്ന രീതിയിലായിരുന്നു പ്രവർത്തനം.എന്നാൽ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലേക്ക് ചൈൽഡ്‌ലൈൻ മാറ്റാനുള്ള വിവാദ തീരുമാനത്തിന് പിന്നാലെ കേന്ദ്രഫണ്ട് നിർത്തിവച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമാക്കിയത്.
ഈ വർഷം ഇതുവരെ ഫണ്ട് ലഭിക്കാത്തതിനെത്തുടർന്ന് ലക്ഷക്കണക്കിന് രൂപ എൻജികൾക്ക് കുടിശികയുണ്ട്.കൂടാതെ സർക്കാർ നൽകുന്ന ഫണ്ടിൽ കാലാനുസൃതമായ വർധനവും ഇല്ല. ഈ സാഹചര്യത്തിൽ ഈമാസം 30 നകം കുടിശ്ശിക കൊടുത്ത് തീർത്തിട്ടില്ലങ്കിൽ അടുത്ത മാസം മുതൽ ഫീൽഡ് സർവ്വീസ് അവസാനിപ്പിക്കുമെന്ന് ചൂണ്ടി കാണിച്ച് ജീവനക്കാർ സർക്കാരിന് നോട്ടീസ് നൽകി.