കത്ത് വിവാദം: ആനാവൂർ നാഗപ്പന്റെ മൊഴി ഉടനെടുക്കും; നഗരസഭയിലെ കൂടുതൽ ജീവനക്കാരെ ചോദ്യം ചെയ്യും
തിരുവനന്തപുരം നഗരസഭയിലെ നിയമനക്കത്ത് വിവാദവുമായി ബന്ധപ്പെട്ട് മേയർ ആര്യാ രാജേന്ദ്രൻ നൽകിയ കേസിൽ ഇന്ന് ക്രൈംബ്രാഞ്ച് നഗരസഭയിലെ കൂടുതൽ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും. ഇന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ മൊഴിയുമെടുക്കും. നഗരസഭയിലെ ആരോഗ്യവിഭാഗത്തിൽ നിന്ന് താത്ക്കാലിക നിയമനത്തിന്റെ വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചു. തസ്തികകൾ പത്രപരസ്യം ചെയ്ത തിയതിയും ഒഴിവുകളുടെ എണ്ണവും ഉൾപ്പെടെയുള്ള വിവരങ്ങളാണ് അന്വേഷണസംഘം ആവശ്യപ്പെട്ടത്. കേസിൽ മേയർ ആര്യാ രാജേന്ദ്രൻ ഉൾപ്പെടെ ഏഴ് പേരുടെ മൊഴിയാണ് ഇതുവരെ രേഖപ്പെടുത്തിയത്.
തിരുവനന്തപുരം കോര്‍പറേഷന്‍ കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണം ഇപ്പോള്‍ പ്രസക്തമല്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. കത്ത് വിവാദത്തില്‍ ക്രൈബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തതായി സർക്കാർ കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം അപ്രസക്തമാണ്. തന്‍റെ പേരിലുള്ള കത്ത് വ്യാജമെന്ന് ആര്യാ രാജേന്ദ്രനും കോടതിയിൽ വ്യക്തമാക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയിലാണ് സർക്കാരും മേയറും നിലപാട് അറിയിച്ചത്. കേസ് ഈ മാസം 30ലേക്ക് മാറ്റി.
വിവാദ കത്തിൽ ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ ആവശ്യപ്പെട്ടാണ് തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലർ ശ്രീകുമാർ ഹൈക്കോടതിയെ സമീപിച്ചത്.