Monday, January 6, 2025
Kerala

വന്ദേഭാരതിലെ യാത്ര ബിജെപി ഓഫീസിൽ ഇരുന്ന പോലെയെന്ന് കെ മുരളീധരൻ; പ്രത്യേക പരിഗണന ലഭിക്കാത്തതിലുള്ള നീരസമാണെന്ന് വി മുരളീധരൻ

കെ മുരളീധരന്റെ ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ.കെ മുരളീധരൻ വന്ദേ ഭാരതിൽ പ്രത്യേക പരിഗണന ലഭിക്കാത്തതിലുള്ള നീരസമാണ് വിമർശനമെന്ന് വി മുരളീധരൻ വ്യക്തമാക്കി. കെ മുരളീധരൻ സന്ദർഭത്തിനനുസരിച്ച് നിലപാട് മാറ്റുന്നയാളെന്ന് വി മുരളീധരൻ പറഞ്ഞു.

കേരളത്തിന് അനുവദിച്ച വന്ദേഭാരതിൽ ബിജെപി രാഷ്ട്രീയ കളി നടത്തുന്നുവെന്ന് വടകര എംപി കെ മുരളീധരൻ വിമർശിച്ചിരുന്നു. രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയിലാണ് ഇത്തരത്തിൽ പ്രതികരണമുണ്ടായത്. ഉദ്ഘാടന യാത്രയിൽ മുഴുനീളെ ബിജെപിയുടെ ജാഥയും ബഹളവുമാണുണ്ടായത്. ബിജെപി ഓഫീസിൽ ഇരുന്ന പോലെ അകപ്പെട്ടുപോയി. വി മുരളീധരന് വേണ്ടി പത്തു മിനിറ്റ് എല്ലാ സ്റ്റേഷനിലും വന്ദേഭാരത് നിർത്തിയെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി.

‘രണ്ടാം വന്ദേഭാരത് ആരുടെയെങ്കിലും സമ്മർദം കൊണ്ട് മാത്രമല്ല, ആദ്യത്തെ വന്ദേഭാരത് മികച്ച വരുമാനം നൽകിയത് കൊണ്ട് കൂടിയാണ് അനുവദിച്ചത്. ഉദ്ഘാടന യാത്ര പക്ഷേ ബിജെപി യാത്രപോലെയായിരുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്നും ബിജെപി പ്രവർത്തകർ പതാകയുമായി ട്രെയിനിൽ കേറുന്നു. ഇതെന്താണിത്. ഇങ്ങനെയാണെങ്കിൽ പ്രതിഷേധിക്കേണ്ടി വരും. റെയിൽവേ ഉദ്യോഗസ്ഥർ പോലും നിസഹായരാണ്. എന്തെങ്കിലും പറഞ്ഞാൽ അവർക്ക് മുകളിൽ നിന്നും വിളി വരും. വികസന പരിപാടികളെ പാർട്ടി പരിപാടികൾ ആക്കുന്നത് മേലാൽ ആവർത്തിക്കരുത് ‘-കെ മുരളീധരൻ ആവശ്യപ്പെട്ടു.

കേരളത്തിന് വല്ലതും അനുവദിക്കുമ്പോൾ ഞാൻ അറിയാതെ കൊടുക്കരുതെന്ന് പറയുന്നയാളാണ് മുരളീധരൻ. ഇരിക്കുന്ന പദവിയിൽ ഒരു മാന്യതയും ഇല്ലാത്ത ആളാണ് വി മുരളീധരൻ. ജയിക്കില്ലെന്ന് അദ്ദേഹത്തിന് തന്നെ നന്നായി അറിയാവുന്നത് കൊണ്ട് ഒരു ടെൻഷനുമില്ലാതെ മത്സരിക്കാൻ കഴിയുന്ന ആളാണ് വി മുരളീധരനെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *