Sunday, January 5, 2025
Kerala

പ്ലസ് വൺ പ്രവേശനം, തുല്യമാർക്ക് വരുന്നവരെ പരിഗണിക്കുമ്പോൾ മറ്റു ഘടകങ്ങൾകൂടി നോക്കേണ്ടിവരും; മന്ത്രി വി. ശിവൻകുട്ടി

പ്ലസ് വൺ പ്രവേശനത്തിൽ തുല്യമാർക്ക് വരുന്നവരെ പരിഗണിക്കുമ്പോൾ മറ്റു ഘടകങ്ങൾകൂടി നോക്കേണ്ടിവരുമെന്നും അംഗീകൃത ശാസ്ത്രീയ മാർഗങ്ങളിലൂടെയാണ് പ്രവേശനം നടത്തുന്നതെന്നും മന്ത്രി വി. ശിവൻകുട്ടി. പി.എസ്.സി പോലും നിയമനങ്ങൾക്ക് സ്വീകരിക്കുന്നത് ഈ മാതൃകയാണ്. ഇത്തരം ഘടകങ്ങൾ പരിഗണിച്ചില്ലെങ്കിൽ കുട്ടികൾ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ചിതറിപ്പോകുന്ന അവസ്ഥയുണ്ടാകും. 

മാധ്യമങ്ങൾ വിവരിക്കുന്ന സംഗതികൾ വർഷങ്ങളായി തുടർന്നു വരുന്നവയാണ്. ബോണസ് പോയിന്റുകൾ കുറച്ചുകൊണ്ടു വരാൻ തന്നെയാണ് ഇപ്പോൾ ശ്രമിച്ചിട്ടുള്ളത്. മുൻ വർഷങ്ങളിൽ 18 പോയിന്റ് വരെ ബോണസ്സായി നൽകിയിരുന്നത് 10 ആക്കി നിജപ്പെടുത്തിയിരിക്കുകയാണ്. നീന്തലിന് നൽകിക്കൊണ്ടിരുന്ന ബോണസ് പോയിന്റ് നിർത്തലാക്കിയത് ഇതിന് ഉദാഹരണമാണ്.

ഏകജാലകം സംവിധാനം വഴി പ്ലസ് വൺ പ്രവേശനം നടത്തുന്ന അപൂർവ്വം സംസ്ഥാനമാണ് കേരളം. അതിനു മുമ്പ് മെറിറ്റ് അടിസ്ഥാനത്തിൽ ലഭ്യമാകുന്ന സീറ്റുകൾ വളരെ കുറവായിരുന്നു. പേരിലെ അക്ഷരക്രമവും ജനനത്തീയതിയും ഒക്കെ പരിഗണിക്കുന്നത് ഒരുപാട് മാനദണ്ഡങ്ങൾ പരിഗണിച്ചതിനുശേഷമാണ്. പരമാവധി കുട്ടികൾക്ക് അവർക്ക് ഇഷ്ടമുള്ള സ്കൂളുകളിൽ അവർക്ക് ഇഷ്ടമുള്ള കോഴ്സുകൾ തെരഞ്ഞെടുക്കാൻ കഴിയുന്നത് ഈ സംവിധാനത്തിന്റെ വിജയമാണെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *