Sunday, January 5, 2025
Kerala

കോഴിക്കോടും പാലക്കാടും മലവെള്ളപ്പാച്ചില്‍; പുഴയില്‍ കുടുങ്ങിയ യുവാക്കളെ രക്ഷപെടുത്തി; പാലം ഒലിച്ചുപോയി

കോഴിക്കോടും പാലക്കാടും മലവെള്ളപ്പാച്ചില്‍. കോഴിക്കോട് കൂടരഞ്ഞിയിലുണ്ടായ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് പുഴയില്‍ കുടുങ്ങിയ യുവാക്കളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഉറുമി പുഴയില്‍ കുളിക്കാനിറങ്ങിയ മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രം സ്വദേശികളായ ഇഹ്‌സാന്‍, ബാഹിര്‍, അഫ്‌സല്‍, അക്ബര്‍, മിര്‍സാബ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സുഹൃത്തുക്കളായ ഇവര്‍ ഉറുമി ജലവൈദ്യുത പദ്ധതിക്ക് താഴെ പുഴയില്‍ കുളിക്കാനിറങ്ങിയത്. വൈകുന്നേരത്തോടെ മഴ പെയ്യുകയും മലവെള്ളപ്പാച്ചില്‍ ഉണ്ടാവുകയും ചെയ്തതോടെ ഇവര്‍ പുഴയിലെ പാറക്കെട്ടില്‍ കയറി നില്‍ക്കുകയായിരുന്നു. പുഴയിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നതോടെ യുവാക്കള്‍ ബഹളം വയ്ക്കുകയും നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയുമായിരുന്നു.

നാട്ടുകാര്‍ ഉടന്‍തന്നെ മുക്കം അഗ്‌നിരക്ഷാസേനയെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അധികൃതരെയും തിരുവമ്പാടി പൊലിസിനെയും വിവരമറിയിച്ചു. വടംകെട്ടി യുവാക്കളെ പുഴയുടെ മറുകരയില്‍ എത്തിച്ച് തിരുവമ്പാടി പഞ്ചായത്തിലെ ഓളിക്കല്‍ വഴി രക്ഷപ്പെടുത്തുകയായിരുന്നു. തിരുവമ്പാടി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ രമ്യയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. സ്റ്റേഷനില്‍ എത്തിച്ച യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും പിഴ ഈടാക്കുകയും ചെയ്ത ശേഷം രക്ഷിതാക്കളെ വിളിച്ചുവരുത്തി അവരോടൊപ്പം വിട്ടയക്കുകയായിരുന്നു.

പാലക്കാട് തിരുവിഴാം കുന്ന് വെള്ളിയാര്‍പുഴയില്‍ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ജനവാസ മേഖലകളിലേക്ക് വെള്ളം കയറി. പ്രദേശത്തെ ഇരുമ്പ് പാലം മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. വനത്തില്‍ ഉരുള്‍പൊട്ടിയെന്നാണ് സംശയം. പ്രദേശത്തെ തോടുകളും കരകവിഞ്ഞൊഴുകി.

Leave a Reply

Your email address will not be published. Required fields are marked *